മേഘവിസ്ഫോടനമുണ്ടായ ജമ്മു കിഷ്ത്വാറില്‍ മരണം എഴുപതിലേക്ക്. 68 മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാനില്ലാത്തവരുടെ എണ്ണത്തില്‍ ആശയക്കുഴപ്പം തുടരുന്നു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കിഷ്ത്വാറിലെത്തി സാഹചര്യം വിലയിരുത്തി. മൂന്ന് ദിവസമായി തിരച്ചില്‍ തുടരുന്ന ജമ്മു കിഷ്ത്വാറില്‍ ഇടവിട്ടുള്ള ശക്തമായ മഴ ഇപ്പോഴും തുടരുന്നു.
സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചിലില്‍ ഇതുവരെ 60ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദുരന്തഭൂമിയിലെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സാഹചര്യങ്ങള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സമയം ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മച്ചൈല്‍ മാതാ തീര്‍ഥാടന പാതയിലെ ചഷോത്തി ഗ്രാമത്തില്‍ വന്‍ മേഘവിസ്ഫോടനമുണ്ടായത്. അതിനിടെ, ഹിമാചലിലെ ലഹോള്‍ – സ്പിതിയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് രണ്ട് ദിവസമായി കുടുങ്ങിക്കിടന്നവരെ NDRF രക്ഷപ്പെടുത്തി. ട്രക്കിങ്ങിനുപോയി കുടുങ്ങിയ 73 പേരെയാണ് NDRF രക്ഷപ്പെടുത്തിയത്.