ജാമിഅമിലിയ സര്‍വകലാശാല പുതിയ നിബന്ധകള്‍ കൊണ്ട് വന്ന് മലയാളി വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ക്ക് ഹോസ്റ്റല്‍ നിഷേധിക്കുന്നതായി പരാതി. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ രണ്ട് ദമ്പതികള്‍ ലോക്കല്‍ ഗാര്‍ഡിയനായി വേണമെന്നതാണ് പുതിയ വ്യവസ്ഥ. ഇതിനെതിരെ ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജാമിഅ NSU അധ്യക്ഷന്‍ മുഹമ്മദ് അദ്നാന്‍ പറഞ്ഞു.
പഠനത്തിനായി ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളുടെ വലിയ പ്രശ്നമാണ് താമസസ്ഥലം. സര്‍വകലാശാലയുടെയോ കോളജുകളുടെയോ ഹോസ്റ്റല്‍ തന്നെയാണ് വിദ്യാര്‍ഥികളുടെ പ്രധാന ആശ്രയം. സുരക്ഷക്കും പഠന ചിലവ് കുറക്കുന്നതിനും ഇത് അനിവാര്യമാണ്. പുതിയ നിബന്ധനകള്‍ കൊണ്ട് വന്ന് ഇതിന് തടയിടുകയാണ് ജാമിഅ മിലിയ സര്‍വകലാശാല. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് പുതിയ പരിഷ്കാരം. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേര്‍ ലോക്കല്‍ ഗാര്‍ഡിയനായി വേണം. ഇവര്‍ നിര്‍ബന്ധമായും വിവാഹിതരായിരിക്കണം എന്നതാണ് നിബന്ധന. പുതുതായി ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതെങ്ങിനെ സാധ്യമാകും എന്നാണ് ചോദ്യം.
മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളും കശ്മീരികളുമാണ് കൂടുതലായും ഹോസ്റ്റലിനെ ആശ്രയിക്കുന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ ആദ്യം ശബ്ദമുയര്‍ത്തുന്നതും ഇവര്‍ തന്നെ. നിശബ്ദമാക്കാനുള്ള നീക്കളുടെ ഭാഗമാണ് ഹോസ്റ്റല്‍ ചട്ടങ്ങളിലെ പരിഷ്കാരമെന്നാണ് വിലയിരുത്തല്‍ വിദ്യാര്‍ഥിയുടെ പഠന മികവ്, നാട്, കുടുംബ വരുമാനം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഹോസ്റ്റല്‍ അനുവദിക്കുന്നത്. എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റല്‍ മുറി നിഷേധിക്കുന്നതായും പരാതിയുണ്ട്.