സര്‍ക്കാര്‍–ഗവര്‍ണര്‍ ഭിന്നത തുടരവെ സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല വി.സി നിയമനത്തിന് നേരിട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രീംകോടതി. സ്ഥിരം വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് നാലുപേരുകള്‍ വീതം നല്‍കാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും കോടതി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ കൈക്കൂപ്പി അപേക്ഷിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും ഗവര്‍ണറും സര്‍ക്കാരും യോജിപ്പിലെത്താത്തതിനാല്‍ ഒടുവില്‍ അസാധാരണ ഇടപെടല്‍. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരത്തെചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കോടതിയിലുണ്ടായ വാദപ്രതിവാദത്തിനിടെയാണ് തങ്ങള്‍തന്നെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന് സുപ്രീം കോടതി നിലപാടെടുത്തത്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി നാല് പേരുകള്‍ വീതം നല്‍കാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും കോടതി ആവശ്യപ്പെട്ടു. യു.ജി.സി നാമനിര്‍ദേശം ചെയ്യുന്ന അംഗവുമുള്‍പ്പെട്ടെ അഞ്ചംഗ കമ്മറ്റിയാണ് രൂപീകരിക്കുക. പേരുകള്‍ നാളെ അറിയിക്കണം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പാനലില്‍നിന്ന് ഗവര്‍ണര്‍ക്ക് നിയമനം നടത്താം. പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നുവെന്നും സര്‍ക്കാരിനോടും ഗവര്‍ണ്ണറോടും ജസ്റ്റിസ് ജെ.ബി.പര്‍ദിവാല.
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും എന്നാല്‍ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് കമ്മിറ്റി രൂപീകരിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ചാണ് പ്രവര്‍ത്തിച്ചത് എന്നായിരുന്നു ഗവര്‍ണര്‍ക്കായി അറ്റോര്‍ണി ജനറലിന്‍റെ മറുപടി. സർക്കാർ പാനലില്‍നിന്നാണ് താൽക്കാലിക വിസിയെയും നിയമിക്കേണ്ടിയിരുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ ചട്ടം എങ്ങനെ അവഗണിച്ചെന്ന് കോടതി ഗവര്‍ണറോട് ചോദിച്ചു. സര്‍ക്കാരും ഗവര്‍ണറും ഒരു കാപ്പി കുടിച്ച് ചര്‍ച്ച നടത്തണമെന്നും സമവായം ഓര്‍മിപ്പിച്ച് സുപ്രീം കോടതി പറഞ്ഞു. കോടതി ഇടപെടല്‍ സര്‍ക്കാരിന് എതിരല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി. ഏകാധിപത്യ പ്രവണത അംഗീകരിക്കില്ലെന്നതിൻ്റെ തെളിവാണ് സുപ്രീം കോടതി നിരീക്ഷണമെന്നും ബിന്ദു വിശദീകരിച്ചു