Facebook's new rebrand logo Meta is seen on smartpone in front of displayed logo of Facebook, Messenger, Intagram, Whatsapp, Oculus in this illustration picture taken October 28, 2021. REUTERS/Dado Ruvic/Illustration
ഉപയോക്തൃ ഡേറ്റ വാണിജ്യ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വാട്‌സാപ്പിനും ഉടമകളായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. വാട്‌സാപ്പിന്‍റെ സ്വകാര്യതാനയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് പരാമര്‍ശം. സ്വകാര്യതാ നയത്തിന്‍റെ പേരില്‍ കോംപറ്റീഷന്‍ കമ്മീഷൻ 2021ല്‍ കമ്പനിക്ക് 213.14 കോടി രൂപ പിഴയിട്ടിരുന്നു. ഈ തീരുമാനം ശരിവച്ച നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽടി) വിധിക്കെതിരെയാണ് മെറ്റ സുപ്രീം കോടതിയെ സമീപിച്ചത്.
കമ്പനിക്ക് ജനങ്ങളുടെ സ്വകാര്യതയിൽ തൊട്ടുകളിക്കാൻ കഴിയില്ല, ഈ ഡേറ്റയുടെ ഒരംശം പോലും മറ്റുള്ളവരുമായി പങ്കിടാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കര്‍ശനനിലപാടെടുത്തു. ഇന്ത്യക്കാരെ ചൂഷണം ചെയ്യാന്‍ പറ്റില്ല. ഇന്ത്യന്‍ ഭരണഘടന പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുത്തക സൃഷ്ടിച്ച് സ്വകാര്യതയ്ക്കുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്ന കമ്പനി ഭരണഘടനയെ പരിഹസിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
എന്നാല്‍ നയം അംഗീകരിക്കാനും ഒഴിവാകാനും ഉപയോക്താക്കൾക്ക് ഓപ്ഷൻ ഉണ്ടെന്ന് മെറ്റയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ, അത് എത്രമാത്രം ഫലപ്രദമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. വിദ്യാഭ്യാസമില്ലാത്ത ആളുകൾക്ക് നയം മനസ്സിലാകുമോ എന്ന് കോടതി ചോദിച്ചു. വഴിയോര കച്ചവടക്കാരനോ, പാവപ്പെട്ട സ്ത്രീകള്‍ക്കോ ഇംഗ്ലിഷ് അറിയാത്ത ആളുകള്‍ക്കോ അത് മനസ്സിലാകുമോ? നിങ്ങളുടെ നയങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾക്ക് പോലും ബുദ്ധിമുട്ടാണ്. അപ്പോൾ ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിൽ താമസിക്കുന്നവര്‍ക്ക് അവ എങ്ങനെ മനസ്സിലാകും? സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാണിത്. അതനുവദിക്കില്ല, അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കില്ലെന്ന് വാട്‌സാആപ്പും മെറ്റയും ഉറപ്പ് നൽകിയില്ലെങ്കിൽ മുന്നോട്ട് പോകാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വ്യക്തിഗത ഡേറ്റ വിൽക്കുക മാത്രമല്ല, വാണിജ്യപരമായി ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എത്ര ചെറിയ ഡേറ്റയ്ക്കും വാണിജ്യ മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനുഭവം ഉദ്ധരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതില്‍ ആശങ്ക പ്രകടിപ്പിച്ചു. വാട്‌സാപ് വഴി ഡോക്ടറോട് അസുഖവിവരം പറയുകയും, ഡോക്ടർ മരുന്നുകളുടെ കുറിപ്പടി തിരിച്ചയക്കുകയും ചെയ്താല്‍, തൊട്ടുപിന്നാലെ അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഫോണില്‍ വരും – ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ വാട്‌സാപ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തതാണെന്നും പ്ലാറ്റ്‌ഫോമിൽ പോലും ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നുമാണ് മെറ്റയുടെ വാദം.
തങ്ങളുടെ ഡേറ്റാ രീതികൾ വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാമെന്നാണ് മെറ്റ കോടതിയില്‍ അറിയിച്ചത്. കോടതി ഈ നിർദ്ദേശം അംഗീകരിക്കുകയും, കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയങ്ങളെ കേസില്‍ കക്ഷിചേർത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.