പ്രതീകാത്മക ചിത്രം.
മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് 25കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത്ത് മെഡിക്കല്‍ കോളജിലാണ് സംഭവം. 25 വയസ്സുകാരനായ സുന്ദര്‍ എന്ന യുവാവാണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ടത്. 11 മണിക്കൂറോളം മൃതദേഹം എമര്‍ജന്‍സി വാര്‍ഡില്‍ ദുര്‍ഗന്ധം വമിപ്പിച്ച് കിടക്കുന്നുണ്ടായിരുന്നു എന്നാണ് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
ശനിയാഴ്ച പകല്‍ ഒന്നേകാലിനാണ് സുന്ദറിനെ ചിലര്‍ ആശുപത്രിയില്‍ എത്തിച്ചത്. ബോധരഹിതനായിരുന്ന ഇടയ്ക്കിടെ ഛര്‍ദിക്കുന്നുണ്ടായിരുന്നു എന്നാണ് എമര്‍ജന്‍സി വാര്‍ഡില്‍ ആ സമയത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന സുന്ദറിനെ കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി ഡോക്ടര്‍മാര്‍ പോയി. എന്നാല്‍ സുന്ദറിനെ ആശുപത്രിയില്‍ കൊണ്ടുവന്ന ആരെയും പിന്നീട് ആ ഭാഗത്ത് കണ്ടില്ല. സുന്ദറിനെ പിന്നീട് ഡോക്ടര്‍മാരോ മറ്റ് ആശുപത്രി അധികൃതരോ പരിശോധിച്ചതുമില്ല.
ലോക്കല്‍ പൊലീസിനെ വിവരം അറിയിക്കുക മാത്രമാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. പൊലീസുകാരും ആശുപത്രിയിലേക്ക് എത്തിയില്ല. രാത്രി 11 മണിയോടെ സുന്ദര്‍ മരണത്തിന് കീഴടങ്ങി. ഇയാള്‍ മരിച്ചു എന്ന് ഉറപ്പുവരുത്തി ആശുപത്രി അധികൃതര്‍ വാര്‍ഡില്‍ തന്നെ മൃതദേഹം കിടത്തി പോയി. രാത്രി മുഴുവന്‍ മൃതദേഹത്തില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധം സഹിച്ച് മറ്റ് രോഗികള്‍ക്ക് വാര്‍ഡില്‍ കിടക്കേണ്ടി വന്നു. ചിലര്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപ്പോയി. ഞായറാഴ്ച പകലായിട്ടും മൃതദേഹം മാറ്റാത്തതിനെ തുടര്‍ന്ന് മറ്റ് രോഗികള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ മെഡിക്കല്‍ കോളജില്‍ പ്രശ്നമുണ്ടാക്കി. സംഭവം ജില്ലാ മജിസ്ട്രേറ്റിനു മുന്നില്‍ പരാതിയായി എത്തി. ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനു ശേഷമാണ് മൃതദേഹം മാറ്റാന്‍ നടപടിയുണ്ടായത്. ആശുപത്രിക്ക് പുറത്തുനിന്നുള്ള ശുചീകരണ തൊഴിലാളിയെ എത്തിച്ചാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളജ് അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ തന്നെ ഒരു പൊലീസുകാരനെ അയച്ചിരുന്നുവെന്നാണ് കാണ്‍പൂര്‍ പൊലീസിന്‍റെ വിശദീകരണം. രോഗിയെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് ലഭ്യമായില്ലെന്നും മെഡിക്കല്‍ കോളജ് അധൃകൃതരില്‍ നിന്ന് വേണ്ട സഹായം ലഭിച്ചില്ലെന്നും അതുകൊണ്ട് പൊലീസുകാരന്‍ മടങ്ങിയെന്നും പൊലീസ് മജിസ്ട്രേറ്റിന്‍റെ ചോദ്യത്തിന് വിശദീകരണം നല്‍കി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാപക പ്രതിഷേധവും ഉയരുകയാണ്.