സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രോഗികൾ ദുരിതത്തിൽ. അനിശ്ചിത കാലത്തേയ്ക്ക് ഒപി ചികിൽസ മുടക്കി ഡോക്ടർമാർ സമരം തുടങ്ങി. സർക്കാർ വഞ്ചിച്ചെന്ന് കെജി എംസിടിഎ. സമരം കടുപ്പിച്ചതിന് പിന്നാലെ ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തും. രാവിലെ മുതൽ മെഡിക്കൽ കോളജ് ഒ പികളിൽ വൻ തിരക്ക്. സമരമാണെന്ന് അറിയാതെ ചികിത്സ തേടിയെത്തിയ ഗുരുതരാവസ്ഥകളിലുള്ള രോഗികൾ ചിലർ പിജി ഡോക്ടർമാരെ കണ്ടു മടങ്ങി. മറ്റു ചിലർ സ്വകാര്യ ആശുപത്രികളിലേക്ക് വണ്ടി പിടിച്ചു.
അധ്യാപനം ബഹിഷ്കരിച്ചതോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളപരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, ഡോക്ടർ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുകതുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഡോക്ടർമാരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ചർച്ച വിജയിച്ചില്ലെങ്കിൽ ഈ മാസം 9 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും തീരുമാനമുണ്ട്.