ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ വീഴ്ത്തിയ പാക് യുദ്ധവിമാനങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യാപക ചര്‍ച്ചയായി വ്യോമസേനാ മേധാവിയുടെ പ്രതികരണം.ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇപ്പോഴും തുടരുന്ന ഘട്ടത്തിലാണ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് ബെംഗളൂരുവില്‍വച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.
Also Read: ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തത് 6 പാക് വിമാനങ്ങള്‍; വെളിപ്പെടുത്തി വ്യോമസേന മേധാവി
ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങിയ വ്യോമപ്രതിരോധ സംവിധാനമായ S-400 ട്രയംഫ് ഉപയോഗിച്ച് പാക്കിസ്ഥാന്‍റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും തകര്‍ത്തുവെന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. ചരിത്രത്തില്‍ തന്നെ ആദ്യമായി 300 കിലോമീറ്റര്‍ ദൂരെയുള്ള ഒരു വിമാനം വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത വലിയ വിമാനമാണ് S-400 യൂണിറ്റിലെ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തവയിലൊന്ന്. ഇതല്ലാതെ, ബ്രഹ്മോസ് അടക്കം മിസൈലുകള്‍ പായിച്ചുള്ള ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ വിവിധ വ്യോമതാവളങ്ങളിലുണ്ടായിരുന്ന F-16 അടക്കം നിരവധി യുദ്ധവിമാനങ്ങള്‍ക്കും കാര്യമായ കേടുപാടുകളും പറ്റിയിട്ടുണ്ട്.
S-400നെ ഗെയിം ചേഞ്ചറെന്നാണ് വ്യോമസേനാ മേധാവി വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങളില്‍നിന്നും ഡ്രോണുകളില്‍നിന്നും മിസൈലുകളില്‍നിന്നും ഇന്ത്യയെ രക്ഷിച്ച ‘കാവലന്‍’. 2025 മേയ് ഏഴ് മുതല്‍ മേയ് 10 വരെ നീണ്ട ദിവസങ്ങളില്‍ ഏതാണ്ട് 80 മണിക്കൂര്‍ നേരം പൂര്‍ണ യുദ്ധം എന്ന തരത്തിലായിരുന്നു വ്യോമ – കര – നാവികസേനകളുടെ തയാറെടുപ്പുകള്‍. ഈ 80 മണിക്കൂര്‍ കൊണ്ട് പാക്കിസ്ഥാന് മനസ്സിലായി ഇനിയും തുടര്‍ന്നാല്‍ തിരിച്ചടി വലുതായിരിക്കുമെന്ന്. അതുകൊണ്ടാണ് വെടിനിര്‍ത്തലിന് തയാറായതെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് പറയുന്നു. തുടര്‍ന്നാണ് ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ മുന്‍കയ്യെടുത്തത്.
ഏതെങ്കിലും ഒരു വ്യോമതാവളം ആക്രമിച്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നില്ല ഇന്ത്യയുടെ ഉദ്ദേശം. മറിച്ച് പാക്കിസ്ഥാന്‍റെ അതിര്‍ത്തി കടക്കാതെ ഉള്ളില്‍ക്കടന്ന് (മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്) എത്രത്തോളം പ്രഹരം ഇന്ത്യയ്ക്ക് നടത്താന്‍ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായി കൃത്യമായ നിര്‍ദേശങ്ങള്‍ സേനയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒരു സമ്മര്‍ദവും നിയന്ത്രണങ്ങളും സേനയ്ക്കുമേല്‍ ഉണ്ടായിരുന്നില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കുന്നു. എവിടെ എങ്ങനെ ആക്രമിക്കണം, പ്രഹരശേഷി ഇതെല്ലാം തീരുമാനിച്ചത് വ്യോമസേനയാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് പറഞ്ഞു.