ഇന്ത്യയുടെ അഭിമാന പ്രത്യാക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. വന്‍വിജയമായ ഓപ്പറേഷനെക്കുറിച്ച് പല റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം റിപ്പോര്‍ട്ടുകളിലും വ്യക്തതക്കുറവുണ്ട്. ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ.പി.സിങ്. ഓപ്പറേഷന്‍ സമയത്ത് പാക്കിസ്ഥാന്‍റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു നിരീക്ഷണവിമാനവും ഇന്ത്യ തകര്‍ത്തെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയാണ് വ്യോമസേന മേധാവി. പാക്കിസ്ഥാന്‍റെ വലിയ വിമാനം വീഴ്ത്തിയത് 300 കിലോമീറ്റര്‍ ദൂരത്തില്‍വച്ചാണ്. ഇത്രയും ദൂരത്തില്‍ വിമാനം വീഴ്ത്തിയത് റെക്കോര്‍ഡാണെന്നും എ.പി.സിങ് പറഞ്ഞു.
രാജ്യത്തോട് ചെയ്ത ക്രൂരതയ്ക്ക് പകരമായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ സൈന്യം ആക്രമിച്ച് തകര്‍ത്തതായി മേധാവി പറഞ്ഞു. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്‍റെ തിരിച്ചടി. എന്നാല്‍ എസ് 400 പ്രതിരോധ സംവിധാനവും മറ്റ് പ്രതിരോധ സംവിധാനങ്ങളുമുപയോഗിച്ച് ഇന്ത്യ പാക് വ്യോമസേനയെ നിഷ്പ്രഭരാക്കിക്കളഞ്ഞെന്നും എ.പി.സിങ് വ്യക്തമാക്കി. ബെംഗളൂരുവില്‍ വച്ചായിരുന്നു വ്യോമസേന മേധാവിയുടെ പ്രതികരണം.
മേയ് 7നായിരുന്നു പാക് ഭീകരകേന്ദ്രങ്ങളെ തകര്‍ക്കുക, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. 25 മിനിറ്റിനുള്ളില്‍ 24 ആക്രമങ്ങള്‍ നടത്തിയ സൈന്യം 9 ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ഇതിന് മറുപടിയെന്നോണം പാക്കിസ്ഥാന്‍ തൊട്ടടുത്ത ദിവസം 15 ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ വ്യോമപ്രതിരോധം പാക് ആക്രമണത്തെ തടയുകയും പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ചെയ്തു.
നിരായുധരായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍റെ പങ്ക് ഉറപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ടും അട്ടാരി അതിര്‍ത്തി അടച്ചുമാണ് ഇന്ത്യ ആദ്യ തിരിച്ചടി നല്‍കിയത്. പാക്കിസ്ഥാനില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ മന്ത്രിസഭാ സമിതി യോഗം കൈക്കൊള്ളുകയായിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ പാക്കിസ്ഥാന്‍ ജലദൗര്‍ലഭ്യം നേരിട്ടു. ഇത് സര്‍ക്കാരിനെയടക്കം പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇന്ത്യയില്‍ നിലവിലുള്ള പാക്ക് പൗരന്‍മാരോട് മേയ് ഒന്നിന് മുന്‍പ് മടങ്ങാനും കേന്ദ്രം ഉത്തരവിട്ടിരുന്നു.