ശ്രാവണ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പല വിശ്വാസങ്ങളും രീതികളുമാണ്. ഉത്തരേന്ത്യയില്‍ സഹോദരിമാര്‍ രാഖികെട്ടുന്നത് സഹോദരങ്ങളുടെ നന്‍മക്കായാണ്. പകരം എന്തുവില കൊടുത്തും അവരെ സംരക്ഷിക്കുമെന്ന് സഹോദരന്‍മാര്‍ പ്രതിജ്ഞ ചെയ്യുന്നു. തമിഴ്നാട്ടിലും കേരളത്തിലും ആവണി അവിട്ടം എന്നപേരിലാണ് ചടങ്ങ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാബന്ധന്‍ ആഘോഷിച്ചത് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഒപ്പമാണ്.
കുട്ടികള്‍ മോദിയുടെ കയ്യില്‍ രാഖികെട്ടി. പകരം പ്രധാനമന്ത്രി സമ്മാനങ്ങള്‍ നല്‍കി. ഓരോരുത്തരുമായും പ്രത്യേകം സംസാരിച്ചു. ചിലര്‍ എന്‍.ഡി.എ. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ കവിതയുടെ രൂപത്തില്‍ ചൊല്ലക്കേള്‍പ്പിച്ചു. തമാശയും കളിചിരികളുമായി മോദിയും അവര്‍ക്കൊപ്പം ചേര്‍ന്നു,. ബ്രഹ്മകുമാരീസില്‍ നിന്നും വിവിധ സ്വയം സഹായ സംഘങ്ങളില്‍ നിന്നുമുള്ള വനിതകളും പ്രധാനമന്ത്രിക്ക് രാഖികെട്ടി. ഒത്തുകൂടിയവര്‍ക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോയ്ക്ക് പോസ്ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിതന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
മറ്റ് കേന്ദ്രമന്ത്രിമാരും നേതാക്കളും രക്ഷാബന്ധന്‍ ആഘോഷിച്ചെങ്കിലും കൃഷിമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍റെത് വ്യത്യസ്തമായി. ഒരു മരത്തിനാണ് അദ്ദേഹം ആദ്യം രാഖി കെട്ടിയത്. ഭാരതീയ സ്ത്രീകള്‍ക്ക് ഇന്ന് സ്വയം രക്ഷിക്കാനും സഹോദരങ്ങളെ സംരക്ഷിക്കാനുംവരെ ശേഷിയുണ്ടെന്നും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം പ്രചരിപ്പിക്കാനാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. സ്വയംസഹായ സംഘങ്ങളിലെ വനിതകളും ശിവരാജ് സിങ് ചൗഹാന് രാഖികെട്ടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏതാനും വര്‍ഷങ്ങളായി മരത്തിന് രാഖികെട്ടുന്ന പതിവുള്ളയാളാണ്. ഇത്തവണയും അത് മുടക്കിയില്ല.