ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും മതപരിവർത്തനം ആരോപിച്ച് ബജറംഗ് ദൾ പ്രവർത്തകർ ആക്രമിച്ചതില്‍ പ്രതിഷേധം ശക്തം. 70 പേരടങ്ങുന്ന സംഘം തടഞ്ഞുവച്ചതായും ബൈബിൾ വലിച്ചെറിഞ്ഞെന്നും ആക്രമത്തിന് ഇരയായ സിസ്റ്റര്‍ എലേസ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് സിബിസിഐ . ആർജവമുള്ള നേതൃത്വം സിബിസിഐക്ക് വേണമെന്ന് ഹൈബി ഈഡൻ എംപി വിമർശിച്ചു. ബുധനാഴ്ച രാത്രിയാണ് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും എഴുപതോളം വരുന്ന ബജരംഗദൾ പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്കാ കുടുംബത്തിന്റെ ആണ്ട് കുർബാനയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അതിക്രമം. പേടിപ്പെടുത്തുന്ന അനുഭവം പങ്കുവയ്ക്കുകയാണ് മലയാളി കന്യാസ്ത്രീ സി. എലേസ.
ഒഡീ ഷ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും ക്രൈസ്തവ സഭകളും ശക്തമായ വിമർശനവുമായി രംഗത്തുവന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ കഴിയണമെന്ന് CBCI അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാർ സംഘടനകളുടെ തീവ്രനിലപാടുകൾ മൂലം ജീവിക്കാൻ കഴിയാത്തവ അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവരെന്ന് സിറോ മലബാർ സഭയുടെ വിമർശനം. അതിനിടെ, സിബിസിഐക്ക് ആർജവമുള്ള നേതൃത്വം ഇല്ലാതെപോയെന്ന് ഹൈബി ഈഡൻ എംപിയുടെ പരാമർശം ചർച്ചയായി.
ആവശ്യസമയങ്ങളിൽ പ്രതികരിച്ചിട്ടുണ്ടെന്ന് സിബിസിഐയുടെ മറുപടി. ജലേശ്വറിലെ ആക്രമണത്തിൽ പൊലീസിൽ പരാതിയും നൽകും. ജലേശ്വർ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. വി.ജോജോ, സിസ്റ്റർമാരായ എലേസ, മോളി, എന്നിവരുൾപ്പെടെയുള്ള സംഘത്തിനാണ് ഗംഗാധർ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് മർദനമേറ്റത്.