വസതിയിൽനിന്ന് പണം കണ്ടെത്തിയതില്‍ കുറ്റക്കാരനെന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി. ആഭ്യന്തരസമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. ജസ്റ്റിസ് വര്‍മയെ പുറത്താക്കണമെന്ന ചീഫ് ജസ്്റ്റിസിന്‍റെ ശുപാര്‍ശ ഭരണഘടനാപരമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തന്നെ അയോഗ്യനാക്കാനുള്ള നീക്കത്തിന് തടയിടാന്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുയര്‍ത്തിയ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. സുപ്രീം കോടതി നിയോഗിച്ച ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതി തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നായിരുന്നു യശ്വന്ത് വര്‍മയുടെ പ്രധാന ആവശ്യം. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നല്‍കിയ ഇംപീച്ച്മെന്‍റ് ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് വര്‍മ വാദിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് ആഭ്യന്തര സമിതി രൂപീകരിച്ചതും തുടര്‍ നടപടിക്രമവും നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും എജി മാസിഹും അടങ്ങുന്ന ബെഞ്ച് വിധിച്ചു.
പണം കണ്ടെത്തിയതിന്‍റെ ഫോട്ടോകളും വീഡിയോയും പുറത്തുവിട്ടത് ഒഴികെ ചീഫ് ജസ്റ്റിസും അന്വേഷണ സമിതിയും നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വര്‍മ ഉന്നയിച്ച ആറ് ഭരണഘടനാ പ്രശ്നങ്ങളും കോടതി തള്ളി. പരാതിയില്ലാതെയാണ് ആഭ്യന്തര അന്വേഷണം നടത്തിയതെന്നും വാര്‍ത്താക്കുറിപ്പിലൂടെ ആരോപണങ്ങൾ പരസ്യമാക്കി മാധ്യമ വിചാരണയ്ക്ക് വിധേയനാക്കിയെന്നും ജസ്റ്റിസ് വർമ്മ ആരോപിച്ചിരുന്നു. പാര്‍ലമെന്‍റില്‍ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് ജസ്റ്റിസ് വര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സുപ്രീം കോടതിവിധിയോടെ ഇംപീച്ച്മെന്‍റ് നീക്കത്തില്‍ തുടര്‍നടപടികള്‍ ഉടനെ പ്രതീക്ഷിക്കാം. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ഈ വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയോടുചേര്‍ന്നുള്ള മുറിയില്‍ തീപിടിത്തത്തിനുപിന്നാലെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.