പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ വിചിത്ര പരാമര്‍ശവുമായി ഉത്തര്‍ പ്രദേശ് മന്ത്രി. കാണ്‍പൂരിലെ ദേഹത് ജില്ലയിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കവേയാണ് ജനങ്ങളെ ആശ്വസിപ്പിക്കുന്നതിന് പകരം പ്രളയം ഗംഗാമാതാവിന്‍റെ അനുഗ്രഹമാണെന്ന് മന്ത്രി സഞ്ജയ് കുമാര്‍ പറഞ്ഞത്.
പരാതി പറയാന്‍ വന്ന ജനങ്ങളോടാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഗ്രാമവും പ്രദേശവും വെള്ളത്തിലായെന്നും തങ്ങള്‍ക്ക് വേറെ എവിടേയും പോവാനില്ലെന്നുമാണ് ജനങ്ങള്‍ മന്ത്രിയോട് പറഞ്ഞത്. 'മക്കളുടെ പാദങ്ങള്‍ കഴുകാനാണ് ഗംഗാമാതാവ് വന്നിരിക്കുന്നത്. മാതാവിനെ കാണുന്നതുകൊണ്ട് തന്നെ മക്കളെല്ലാം സ്വര്‍ഗത്തിലേക്ക് പോകും. പ്രതിപക്ഷ പാര്‍ട്ടികള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്,' സഞ്ജയ് കുമാര്‍ പറഞ്ഞു. എങ്കില്‍ തങ്ങള്‍ക്കൊപ്പം നിന്ന് താങ്കളും അനുഗ്രഹം വാങ്ങണമെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
താന്‍ സന്ദര്‍ശിക്കുന്ന സ്ഥലമേതാണെന്ന് പോലും മന്ത്രിക്ക് അറിയില്ലെന്നും ഇത് യമുനയുടെ തീരത്തുള്ള ഗ്രാമമാണ്, ഗംഗയുടേതല്ലെന്നും ഗ്രാമീണര്‍ ഓര്‍മിപ്പിച്ചു. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന നിഷാദ് പാര്‍ട്ടിയുടെ മന്ത്രിയാണ് സഞ്ജയ് കുമാര്‍. 17 ജില്ലകളിലെ 402 ഗ്രാമങ്ങളെയാണ് ഗംഗയിലും യമുനയിലും ഉണ്ടായ പ്രളയം ബാധിച്ചത്.