ഇക്കാലത്ത് പ്രണയവിവാഹങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളെക്കാള്‍ കൂടുതലാണ്. കുടുംബങ്ങളുടേയും വീട്ടുകാരുടേയും പൂര്‍ണ സമ്മതത്തോടുകൂടി തന്നെയാണ് പല പ്രണയവിവാഹങ്ങളും ഇന്നു നടക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ആളുകള്‍ക്ക് വ്യക്തമായ ധാരണ വന്ന് തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തിലും പ്രണയത്തെയും പ്രണയവിവാഹത്തെയും എതിര്‍ക്കുന്നവരും നിരവധിയുണ്ട്. പ്രണയവിവാഹങ്ങളെ ഒരു ഗ്രാമം തന്നെ വിലക്കിയ വാര്‍ത്തയാണ് പഞ്ചാബില്‍ നിന്നും പുറത്തുവരുന്നത്.
ജൂലായ് 31നാണ് പഞ്ചാബ് മൊഹാലി ജില്ലയിലെ മനക്പൂര്‍ ഗ്രാമത്തിലെ നാട്ടുകൂട്ടം ഐക്യകണ്ഠേന ഒരു നിയമമുണ്ടാക്കിയത്. വീട്ടുകാരുടെ അനുമതിയില്ലാത്ത പ്രണയവിവാഹങ്ങളെ തങ്ങളുടെ ഗ്രാമത്തില്‍ നിരോധിക്കുന്നു എന്നതാണ് വിവാദമായ പുതിയ നിയമം. ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരുമിച്ച് വിവാഹം കഴിക്കാനും ജീവിക്കാനും അവകാശം നല്‍കുന്നുവെന്നിരിക്കെ ഗ്രാമത്തിന്‍റെ തീരുമാനം ദേശീയശ്രദ്ധ നേടുകയാണ്.
ഈ അടുത്ത കാലത്ത് ഗ്രാമത്തില്‍ 26 വയസുള്ള ഒരു യുവാവ് 24 വയസുള്ള തന്‍റെ സഹോദരീപുത്രിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമം പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം വീട്ടുകാരുടെയോ ബന്ധുക്കളുടെയോ അനുവാദമില്ലാതെ വിവാഹം കഴിക്കുന്നവരെ ഗ്രാമപരിധിക്കുള്ളില്‍ താമസിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ വിവാഹം കഴിച്ചവര്‍ക്ക് ഗ്രാമത്തില്‍ താമസിക്കാന്‍ ആരെങ്കിലും സൗകര്യമൊരുക്കിയാല്‍ അവരും ശിക്ഷാനടപടി നേരിടണം.
'ഇതൊരു ശിക്ഷാനടപടിയല്ല മറിച്ച് തങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കാനുള്ള നീക്കമാണ്' എന്നാണ് ഗ്രാമമുഖ്യനായ ദല്‍വീര്‍ സിങ് പറഞ്ഞത്. 'തങ്ങള്‍ പ്രണയവിവാഹങ്ങള്‍ക്കും നിയമത്തിനും എതിരല്ല പക്ഷെ ഞങ്ങളുടെ ഗ്രാമത്തില്‍ ഇത് അനുവദിക്കില്ല' എന്നും സിങ് കൂട്ടിച്ചേര്‍ത്തു. ഇത്തരം വിവാഹങ്ങള്‍ തടയാന്‍ എല്ലാ ഗ്രാമീണരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അടുത്ത ഗ്രാമങ്ങളും തങ്ങളുടെ രീതി പിന്തുടരണമെന്നും ഗ്രാമമുഖ്യന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ പ്രണയവിവാഹത്തിന് എതിരാണ്. സംസ്കാരത്തെയും വിശ്വാസത്തെയും മുറുകെപ്പിടിക്കാനാണ് താല്‍പര്യം, പ്രണയവിവാഹങ്ങള്‍ തടയും എന്നാണ് ഗ്രാമത്തിലെ ചെറുപ്പക്കാരുടെയും പ്രതികരണം.