പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് പോലീസിന് ലഭിച്ച രഹസ്യവിവരമാണ് ആണ്‍കുട്ടിയിലേക്ക് അന്വേഷണമെത്താന്‍ കാരണമായത്. നിരവധി കൗമാരക്കാരെ ഐഎസ്ഐ വലയിലാക്കിയതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 

ഒരു വര്‍ഷത്തോളമായി ആണ്‍കുട്ടി ഐഎസ്ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഫോണ്‍ വഴി കുട്ടി കൈമാറിയതായും അന്വേഷണ സംഘം പറയുന്നു. ജമ്മുവിലെ സാംബ സ്വദേശിയാണ് അറസ്റ്റിലായ കുട്ടി. ജില്ലയുടെ പല ഭാഗങ്ങളിലായി കൗമാരക്കാരുടെ ശൃംഖല തന്നെ ഇക്കൂട്ടര്‍ ഉണ്ടാക്കിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പാക്കിസ്ഥാനിലുള്ള ഐഎസ്ഐ ഇടനിലക്കാരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം.

കൗമാരക്കാരിലേക്ക് അന്വേഷണമെത്തിയതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ‌​ഞ്ചാബ് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്ന വിവരങ്ങളുടെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ് അടക്കമുള്ളവ ലഭ്യമാക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുപോകാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Pathankot police arrested a 15-year-old boy from Samba, Jammu, for alleged spying for Pakistan's ISI. The teenager was reportedly sharing sensitive national security information via mobile for over a year. Intelligence agencies suspect a larger network of teenagers involved in anti-national activities in border areas. Alert issued in Punjab and Jammu.