വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മല്‍സരത്തിന് ശുഭ്മന്‍ ഗില്‍ ഇന്നിറങ്ങും. ഗില്‍ കളിക്കാനിറങ്ങുമെങ്കിലും ആരാധകര്‍ക്ക് നിരാശ ബാക്കിയാണ്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട ഗൗണ്ടിലാകും പഞ്ചാബ്–സിക്കിം പോരാട്ടം. ജയ്പുരിലെ സ്റ്റേഡിയത്തില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലെന്നതിനാലാണ് കാണികളെ പ്രവേശിപ്പിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ വിരാട് കോലിയുടെ രണ്ട് മല്‍സരങ്ങളും സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ സമാനരീതിയിലാണ് നടത്തിയത്.
പ്രാദേശിക കോളജ് ഗ്രൗണ്ടിലാണ് മല്‍സരം ക്രമീകരിച്ചിരിക്കുന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫുമാര്‍ക്കും കോളജില്‍ പ്രവേശിക്കാമെങ്കിലും കളി നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി ബൗണ്‍സര്‍മാരെ നിയോഗിക്കും. പുറമേയ്ക്ക് നിന്നും ആരെയും ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല. മല്‍സരത്തിനുള്ള ഷെഡ്യൂളിങ് വളരെ നേരത്തെ പൂര്‍ത്തിയാക്കിയതാണെന്നും മുംബൈയുടെ മല്‍സരം രോഹിതിന്‍റെ അഭ്യര്‍ഥന പ്രകാരം സുരക്ഷ കണക്കിലെടുത്താണ് സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്ക് മാറ്റിയതെന്നും ബിസിസിഐ വക്താവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്കിമിനെതിരായ പഞ്ചാബിന്‍റെ മല്‍സരത്തില്‍ ഇന്ന് അര്‍ഷ്ദീപും കളിക്കും.
ട്വന്‍റി20യിലെ മോശം പ്രകടനത്തിന് പിന്നാലെ ലോകകപ്പ് ടീമില്‍ നിന്ന് ഗില്‍ പുറത്തായിരുന്നു. സഞ്ജു സാംസണെയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. ടെസ്റ്റ്–ഏകദിന ക്യാപ്റ്റനായ ഗില്‍ ട്വന്‍റി20 ലോകകപ്പ്ടീമിന് പുറത്തായത് എല്ലാവരെയും ഞെട്ടിച്ചു. വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പരുക്ക് ഭേദമായതിന് പിന്നാലെ ഒരാഴ്ചയോളം മൊഹാലിയില്‍ പരിശീലനം നടത്തിയ ശേഷമാണ് ഗില്‍ ക്രീസിലേക്ക് മടങ്ങിയെത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കിടെയാണ് ഗില്ലിന് പരുക്കേറ്റത്.