soniya-crime

ക്രിമിനലായ ഭര്‍ത്താവിനെ കൊന്ന് ഓടയിലിട്ട ഭാര്യയും കാമുകനും ഭാര്യയുടെ സഹോദരി ഭര്‍ത്താവും പിടിയില്‍.  2024 ജൂലൈ അഞ്ചിന് നടന്ന കൊലയുടെ ചുരുളഴിയുന്നത് ഒരു വര്‍ഷത്തിനിപ്പുറമാണ്. പതിനഞ്ചു വര്‍ഷം മുന്‍പ് കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് പ്രണയവിവാഹിതരായ ദമ്പതികളാണ് പ്രീതവും സോണിയയും. ഹരിയാനയിലെ സോനിപത്തില്‍ താമസിക്കുന്ന ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്. എന്നാല്‍ അലിപുരിലെ അറിയപ്പെടുന്ന ക്രിമിനലായ പ്രീതം പ്രകാശിന്‍റെ സ്വഭാവം ദിവസങ്ങള്‍ കഴിയുന്തോറും ക്രൂരമാകാന്‍ തുടങ്ങി. ഇതില്‍ സഹികെട്ട ഭാര്യ  സോണിയ ഇയാളെ കൊല്ലാനായി തീരുമാനിച്ചു.

2024 ജൂലൈയില്‍ സോണിയ പ്രീതത്തോട് വഴക്കിട്ട് ഗന്നൂരുള്ള സഹോദരിയുടെ വീട്ടിലെത്തി. അവിടെവച്ച് തനിക്ക് ഇനിയും ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാനാവില്ലെന്നും അയാളെ കൊന്നുതരണമെന്നും സഹോദരി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതിന് പ്രതിഫലമായി 50,000 രൂപയും വാഗ്ദാനം ചെയ്തു. അന്ന് വൈകിട്ട് പ്രീതം സോണിയയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയെങ്കിലും സോണിയ കൂടെ പോയില്ല. അതിനാല്‍ അന്നേദിവസം പ്രീതം അവര്‍ക്കൊപ്പം ആ വീട്ടില്‍ താമസിച്ചു. സോണിയക്കൊപ്പം ടെറസില്‍ ഉറങ്ങിയ പ്രീതത്തെ സഹോദരി ഭര്‍ത്താവായ വിജയ് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അഗ്വാന്‍പുരിലുള്ള ഓടയില്‍ കൊണ്ടിടുകയും ചെയ്തു.

ജൂലൈ 20ന് സോണിയ അലിപുര്‍ പൊലീസില്‍ ഭര്‍ത്താവിനെ കാണാനില്ല എന്നുകാട്ടി ഒരു പരാതി കൊടുത്തു. കേസന്വേഷണം ഒരു വഴിക്കും എത്താതിരുന്നപ്പോഴാണ് കഴിഞ്ഞിടയ്ക്ക് പ്രീതത്തിന്‍റെ മൊബൈല്‍ ഫോണ്‍ ആക്ടിവായത്. പ്രീതത്തെ കണ്ടെത്താന്‍ യാതൊരു ഡിജിറ്റല്‍ തെളിവും ലഭ്യമാകാതിരുന്ന അന്വേഷണസംഘത്തിന് അതോടെ തുമ്പ് കിട്ടി. ഫോണ്‍ ഉപയോഗിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അത് സോണിയയുടെ കാമുകന്‍ രോഹിത്താണെന്ന് ബോധ്യമായത്. ഇതിനിടെ പ്രീതത്തിന്‍റെ ഓട്ടോറിക്ഷ നാലരലക്ഷത്തിന് സോണിയ വിറ്റു. 

അലിപുരിലെ അറിയപ്പെടുന്ന ക്രിമിനലാണ് പ്രീതം പ്രകാശ് എന്ന് ഡിസിപി ഹര്‍ഷ് ഇന്ദ്രോദയ മാധ്യമങ്ങളോട് വ്യക്തമാക്കി. പത്തിലധികം കേസുകള്‍ പ്രതിക്കെതിരെയുണ്ട്. ആയുധം കൈവശം വച്ചതിനും, ലഹരിയിടപാടിനുമടക്കം ഇയാള്‍ക്കെതിരെ പത്തിലധികം കേസുകളുണ്ട്. കോടതിയലക്ഷ്യക്കേസും പ്രീതത്തിനെതിരെയുണ്ടായിരുന്നതായി ഡിസിപി പറഞ്ഞു.

ENGLISH SUMMARY:

A woman, along with her lover and brother-in-law, has been arrested for murdering her criminal husband and dumping the body in a canal. The shocking incident came to light during the police investigation, revealing a conspiracy involving the trio. The murder was allegedly planned due to the husband's criminal background and ongoing domestic issues.