ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. നിയമ വിദഗ്ധരുമായി ആലോചിച്ച് ഉടൻ കോടതിയെ സമീപിക്കും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ഛത്തീസ്ഗഡിൽ തന്നെയുള്ള ദല്ലി രാജ്ഹാര എന്ന സ്ഥലത്തെത്തി. ഇവിടെയുള്ള മഠത്തിലാണ് താമസം. സന്യാസ സഭയ്ക്ക് ഇവിടെ സ്‌കൂളും ആശുപത്രിയുമുണ്ട്. കുറച്ച് ദിവസം ഇവിടെ താമസിച്ചശേഷം ഇരുവരും കേരളത്തിലേക്ക് പോകും.
അതിനിടെ ബജറംഗ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെ കന്യാസ്ത്രീകൾക്ക് ഒപ്പം പോകേണ്ടിയിരുന്ന യുവതികൾ നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല. നാരായൺപൂർ എസ്‍പിക്ക് നൽകിയ പരാതി അധികാരപരിധി ഉന്നയിച്ചാണ് പൊലീസ് മടക്കിയത്. ഇതോടെ മൂന്ന് യുവതികളും ഓൺലൈൻ ആയി ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാകും.
കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതുകൊണ്ട് മാത്രം പ്രശ്നങ്ങൾ തീരുന്നില്ലെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. ജാമ്യം താൽക്കാലിക പരിഹാരം മാത്രമാണ്. നിയമനടപടികൾ പൂർണമായും ഒഴിവാക്കണം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ സന്ദർശിച്ച് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു എം.എൽ.എയുടെ പ്രതികരണം.
സംഭവത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രതിഷേധം. പ്രധാന നേതാക്കളും ജനപ്രതിനിധികളും വിവിധയിടങ്ങളിൽ പങ്കെടുക്കും. കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയ ശേഷം ജാമ്യം നേടിത്തന്നത് തങ്ങളാണെന്ന ബി.ജെ.പിയുടെ അവകാശവാദം പൊള്ളയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
കോഴിക്കോട് അതിരൂപതയുടെ പ്രതിഷേധ റാലിയും ഇന്ന് നടക്കും. കോഴിക്കോട്, താമരശേരി അതിരൂപതകൾ സംയുക്തമായാണ് റാലി സംഘടിപ്പിക്കുന്നത്. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി. കോഴിക്കോട് അതിരൂപത ആർച്ചു ബിഷപ്പ് വർഗീസ് ചക്കാലക്കൽ, താമരശേരി അതിരൂപത ആർച്ചു ബിഷപ് തോമസ് ഇഞ്ചനാനിയിൽ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.