ഒന്‍പത് ദിവസത്തിനുശേഷം മോചനം കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി. പുറത്തിറങ്ങിയ ഇരുവരും സമീപത്തെ കോണ്‍വന്‍റിലേക്കാണ്  പോയത്. കോടതി പരിസരത്ത് മതസൗഹാര്‍ദ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ഭായ് ഭായ്  മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. 

കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ ക്രൈസ്തവരെന്ന് കോടതി വിലയിരുത്തി. യുവതികള്‍ ക്രൈസ്തവരെന്ന് മൊഴിയുണ്ട്. പെണ്‍കുട്ടികള്‍ പോയത് മാതാപിതാക്കളുടെ സമ്മതത്തോടെയെന്നും കോടതി. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ല. കേസ് എടുത്തത് വെറും സംശയത്തില്‍ മാത്രം. കേസ് ഡയറിയില്‍ ഇത് വ്യക്തമെന്ന് കോടതി. കന്യാസ്ത്രികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

Also Read: യുവതികള്‍ ക്രിസ്ത്യാനികള്‍; പെണ്‍കുട്ടികള്‍ പോയത് മാതാപിതാക്കളുടെ സമ്മതത്തോടെ: കോടതി


ബിലാസ്പുര്‍  എന്‍ഐഎ കോടതിയാണ് കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ചത്. അറസ്്റ്റിലായി ഒൻപതാം ദിനമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നത്. രണ്ട് ആള്‍ ജാമ്യവും, 50,000 രൂപയുടെ ബോണ്ടുമാണ് ജാമ്യ വ്യവസ്ഥകള്‍. പാസ്പോര്‍ട്ട് ഹാജരാക്കണം, രാജ്യം വിടരുതെന്നും വ്യവസ്ഥയുണ്ട്.

വിധി അറിഞ്ഞയുടന്‍ ദുര്‍ഗ് ജയിലിന് മുന്നില്‍ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ആശ്വാസത്തോടെ ജനപ്രതിനിധികളെ ആശ്ലേഷിച്ചു. സിസ്റ്റര്‍ പ്രീതിയുടെയും സിസ്റ്റര്‍ വന്ദനയുടെയും സഹോദരങ്ങള്‍ ആശ്വാസം പങ്കുവച്ചു. യു.ഡി.എഫിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ബിജെപിയുടെയും ജനപ്രതിനിധികള്‍ ദുര്‍ഗില്‍ വിധിയറിഞ്ഞ് സന്തോഷം അറിയിച്ചു. ജയിലിന് മുന്നില്‍ മധുരം വിതരണം ചെയ്തു. എല്ലാവര്‍ക്കും നന്ദിയെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ജിന്‍സ് മാത്യു.  പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. ഒരുപാട് ദിവസം കഷ്ടപ്പെട്ടെന്നും സഹോദരന്‍ പറഞ്ഞു.

നീതിയുടെയും കേരളത്തിന്റെയും വിജയമെന്ന് ഛത്തീസ്ഗഡിലെത്തിയ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും പ്രതികരിച്ചു. ആശ്വാസത്തോടെയാണ് അങ്കമാലിയിലെ സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം വാര്‍ത്ത കേട്ടത്. എല്ലാവര്‍ക്കും നന്ദിയെന്നും  കേസ് പിന്‍വലിക്കണമെന്നും സിസ്റ്റര്‍ പ്രീതിയുടെ പിതാവ് വര്‍ക്കി പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം  ലഭിച്ചത് ആശ്വസകരമാണെന്നും എന്നാല്‍ കേസ് റദ്ദാക്കണെമന്നും ആവശ്യപ്പെട്ട് സഭ നേതൃത്വങ്ങള്‍.  കുറ്റം മാറ്റാന്‍  ഭരണാധികാരികള്‍ ആര്‍ജവം കാണിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്ക ബാവാ പറഞ്ഞു.

ജാമ്യം ലഭിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് . കേന്ദ്ര– സംസ്ഥാനസര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും. നന്ദി. കന്യാസ്ത്രീകള്‍ക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്നും  കന്യാസ്ത്രീകള്‍  നിരപരാധികളാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. കള്ളക്കേസ് റദ്ദാക്കിയാലേ നീതി ലഭിക്കൂവെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറ‍ഞ്ഞു.

ENGLISH SUMMARY:

Nuns released from Durg jail after nine days in custody, with bail granted by the Bilaspur NIA court. This development is celebrated as a victory for justice, and church leaders are demanding the 'false case' against them be quashed