വീടുവെയ്ക്കാനുള്ള സഹായധനം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മക്കളെ കൂട്ടി കാമുകനൊപ്പം ഒളിച്ചോടി യുവതി. പ്രധാനമന്ത്രി ആവാസ് യോജനയിലെ ആദ്യ ഗഡുവായ 40,000 രൂപ അക്കൗണ്ടിലെത്തിയതിന് പിന്നാലെയാണ് യുവതി ഒളിച്ചോടിയത്. സംഭവത്തിന് പിന്നാലെ തദ്ദേശവകുപ്പ് യുവതിക്ക് നോട്ടീസ് അയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ അമേഠിയിലെ രെഭ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഉത്ര കുമാരിയാണ് പണവുമായി മുങ്ങിയത്. 2013 ലാണ് പ്രദേശവാസിയായ റാം സജീവുമായി ഉത്രയുടെ വിവാഹം നടന്നത്. 2023 ല്‍ ഇയാള്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് യുവതിക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍ വീട് വെയ്ക്കാനുള്ള ആനുകൂല്യം ലഭിച്ചത്. ഈയിടെയാണ് വിഹിതത്തിന്‍റെ ആദ്യ പങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. കാമുകനും മൂന്നു മക്കള്‍ക്കുമൊപ്പമാണ് യുവതി നാടുവിട്ടതെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താവിന്‍റെ മരണശേഷം യുവതിക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്നതിന്‍റെ പേരില്‍ ഗ്രാമത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരെയും പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും വീണ്ടും ബന്ധം തുടരുകയായിരുന്നു. പിഎം ആവാസ പണമെത്തിയതോടെ യുവതി മുങ്ങുകയായിരുന്നു എന്ന് ഗ്രാമവാസിയായ സന്ദീപ് പറഞ്ഞു. നേരത്തെ പ്രണയത്തിലായിരുന്നതിനാല്‍ കാമുകനൊപ്പമാകാം മുങ്ങിയതെന്നും ഇയാള്‍ പറഞ്ഞു. പണം ലഭിച്ചയുടനെ യുവതി കാമുകനുമായി മുങ്ങിയെന്ന വിവരം ലഭിച്ചതായി ബ്ലോക്ക് വികസന ഓഫീസര്‍ ബ്രിജേഷ് സിങ് പറഞ്ഞു. യുവതിക്കെതിരെ നോട്ടീസ് അയച്ചതായും അന്വേഷണം തുടങ്ങിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.