എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശില്‍ കാര്‍ഗില്‍ യുദ്ധവീരൻ്റെ സഹോദരനോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന. 2000 ൽ എന്‍ജിനീയേഴ്‌സ് കോറിൽ ഹവിൽദാറായി വിരമിച്ച ഹക്കിമുദ്ദീൻ ഷെയ്ഖിന്‍റെ സഹോദരനോടാണ് ശനിയാഴ്ച അർധരാത്രി വീട്ടിലെത്തിയ എൺപതംഗ സംഘം പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. സിവിൽ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരുടെ കൂടെയാണ് സംഘം എത്തിയതെന്ന് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹക്കിമുദ്ദീന്‍റെ സഹോദരന്‍ ഇർഷാദ് ഷെയ്ക്കിന്റെ പുനെയിലെ വീട്ടിലേക്കാണ് സംഘം അതിക്രമിച്ചു കയറിയത്. ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഇവർ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പിന്നാലെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. സംഘം തോക്കെടുത്ത് ഭീഷണിപ്പെടുത്തിയിട്ടും പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ഇര്‍ഷാദ് പറഞ്ഞു. ആധാർ കാർഡുകൾ പരിശോധിച്ച സംഘം ഇതിനെക്കുറിച്ച് പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇര്‍ഷാദ് പിടിഐയോട് പറഞ്ഞു.
'ഞങ്ങള്‍ ഇന്ത്യക്കാരാണ്. എന്റെ മൂത്ത സഹോദരൻ യുപിയിലാണ് താമസിക്കുന്നത്. ഞാനും മറ്റ് രണ്ട് സഹോദരന്മാരും അവരുടെ കുട്ടികളും പതിറ്റാണ്ടുകളായി ഇവിടെ പൂനെയിലെ ചന്ദൻ നഗറിലാണ്’ - അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അർദ്ധരാത്രി ഒരു ജനക്കൂട്ടം മുൻവാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ചിലർ അതിക്രമിച്ചു കയറി ആധാർ കാർഡുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ രേഖകൾ കാണിച്ചു. പക്ഷേ അത് വ്യാജമെന്ന് ആരോപിച്ച് സ്ത്രീകളോടും കുട്ടികളോടും അവരുടെ ആധാർ കാർഡുകൾ കാണിക്കാൻ ആവശ്യപ്പെട്ടു’ - അദ്ദേഹം പറഞ്ഞു.
വീടിന് പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പുറത്ത് സംഘം തടിച്ചുകൂടിയത് കാണാമെങ്കിലും മുഖങ്ങള്‍ വ്യക്തമല്ല. തന്റെ കുടുംബം 60 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും തന്റെ മൂത്ത സഹോദരനും രണ്ട് അമ്മാവന്മാരും സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ജനക്കൂട്ടത്തോട് വിശദീകരിക്കാൻ ശ്രമിച്ചതായി ഇർഷാദ് ഷെയ്ഖ് പറഞ്ഞു. 1971 ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ തന്‍റെ ഒരു അമ്മാവന് പരുക്കേല്‍ക്കുകയും ധീരതയുടെ മെഡൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 1965 ലെ യുദ്ധത്തിൽ പോരാടിയയാളാണ് മറ്റൊരു അമ്മാവന്‍. അദ്ദേഹം വ്യക്തമാക്കി.
‘ഇതൊന്നും കേള്‍ക്കാന്‍ അവർക്ക് താല്‍പര്യമില്ലായിരുന്നു. അവർ ഞങ്ങളെ അധിക്ഷേപിക്കുകയും ബംഗ്ലാദേശികളാണെന്ന് ആരോപിക്കുകയും ചെയ്തു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ആരുടെയെങ്കിലും വീട്ടിൽ അതിക്രമിച്ച് കയറി അർദ്ധരാത്രിയിൽ കുട്ടികളോടടക്കം രേഖകൾ കാണിക്കാൻ നിർബന്ധിക്കുന്നത് ഉചിതമല്ല’ ഇര്‍ഷാദ് പറയുന്നു. പൊലീസുകാരാണെന്ന് അവകാശപ്പെട്ടവര്‍ കുടുംബാംഗങ്ങളെ സ്റ്റേഷനിലേക്ക് പോകാൻ നിർബന്ധിച്ചതായും അദ്ദേഹം ആരോപിച്ചു.
കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആധാർ കാർഡുകൾ പിടിച്ചെടുത്തുവെന്നും രണ്ടുമണിക്കൂര്‍ സ്റ്റേഷനില്‍ തന്നെ ഇരുത്തിയശേഷം അടുത്ത ദിവസം വീണ്ടും വരാന്‍ പറഞ്ഞ് വിട്ടതായും അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങളെ ബംഗ്ലാദേശി പൗരന്മാരായി പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം താന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കിയതായും സംഭവം ഒരു പ്രശ്നമാക്കരുതെന്നും പരാതി നൽകരുതെന്നും ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇർഷാദ് ഷെയ്ക്കിന്റെ ആരോപണങ്ങളെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സോമയ് മുണ്ടെ തള്ളി. വീട്ടിൽ അതിക്രമിച്ചു കയറിയ തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും രേഖകൾ പരിശോധിക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥരെ അയച്ചതായും അദ്ദേഹം പറഞ്ഞു. പുനെയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടി പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായായിരുന്നു പരിശോധന. സമയം വൈകിയതിനാലാണ് അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. പ്രഥമദൃഷ്ട്യാ, രേഖകളിൽ നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ലെന്നും എന്നാല്‍ വീട് സന്ദർശിച്ച പൊലീസ് സംഘത്തിന്റെ കൈവശം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.