ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. കേസ് ബിലാസ്പുര്‍ എന്‍ഐഎ കോടതിക്ക് വിട്ടു. മനുഷ്യക്കടത്ത് അടക്കം ഗുരുതര കുറ്റം ചുമത്തിയ കേസില്‍ ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. എതിര്‍ത്തില്ലെന്ന് ബിജെപി നേതാവ് അനൂപ് ആന്‍റണി നേരത്തെ പറഞ്ഞിരുന്നു. സെഷന്‍സ് കോടതി ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ബിജെപി നിലപാട് ഇരട്ടത്താപ്പാണെന്ന് റോജി.എം.ജോണ്‍ എംഎല്‍എ.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങൾ ദുർഗിൽ എത്തിയിരുന്നു. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ദുര്‍ഗില്‍ എത്തി. എന്‍ഐഎ കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ബജ്റങ്ദള്‍ നേതാവ് ജ്യോതി ശര്‍മ ആവര്‍ത്തിച്ചു. സുരഷ കണക്കിലെടുത്ത് കോടതിക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത വിഷയം കേരളത്തിലെ എംപിമാര്‍ ഇന്നും പാര്‍ലമെന്‍റില്‍ ശക്മതായി ഉന്നയിച്ചു. ചെയ്യാത്ത തെറ്റിനാണ് അറസ്റ്റെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്ന് കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. യുഡിഎഫ്. എംപിമാര്‍ പാര്‍ലമെന്‍റിന് സമീപത്തെ ഗാന്ധി പ്രതിമയില്‍ സംഘടിച്ച് മുദ്രാവാക്യം മുഴക്കി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.