Image Credit: x.com/ILoveSiliguri
സ്വസ്ഥവും ശാന്തവുമായ ട്രെയിന്‍ യാത്ര, അതുലക്ഷ്യമിട്ടാണ് മിക്കവരും ജനറല്‍ കംപാര്‍ട്മെന്‍റുകള്‍ ഒഴിവാക്കി റിസര്‍വ്ഡ് കംപാര്‍ട്മെന്‍റുകളില്‍ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ചും എസി കംപാര്‍ട്മെന്‍റുകളില്‍. അങ്ങിനെയിരിക്കെ മറ്റൊരു ജനറല്‍ കംപാര്‍ട്മെന്‍റായി എസി കംപാര്‍ട്മെന്‍റുകള്‍ മാറിയാലോ? അത്തരത്തിലൊരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
സിക്കിം– മഹാനന്ദ എക്സ്പ്രസിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ബിഹാറിലെ കതിഹാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 'ILoveSiliguri' എന്ന എക്സ് ഹാൻഡിലിലാണ് വിഡിയോ ആദ്യം പങ്കിട്ടത്. ‘എസി കോച്ച് ആയിരുന്നിട്ടും അത് തിരക്കേറിയ ജനറൽ കമ്പാർട്ടുമെന്റായി മാറി’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പങ്കിട്ടത്. വിഡിയോയില്‍ തേഡ‍് എസി കംപാര്‍ട്മെന്‍റുകളിലേക്ക് വരിവരിയായി അണ്‍റിസര്‍വഡ് യാത്രക്കാര്‍ വരുന്നതും റിസര്‍വ്ഡ് യാത്രക്കാര്‍ നിസ്സാഹായരായി ബെര്‍ത്തുകളില്‍ നിന്ന് നോക്കുന്നതും കാണാം.
വിഡിയോ വൈറലായതോടെ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ റെയിൽവേയുടെ 'റെയിൽവേ സേവ'യുമെത്തി. നിങ്ങൾക്ക് ഉണ്ടായ അനുഭവത്തിൽ ഖേദിക്കുന്നു. യാത്രയുടെ വിവരങ്ങളും മൊബൈൽ നമ്പറും ദയവായി പങ്കിടുകയെന്നും റെയില്‍വേ സേവ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉടനടി നടപടിയെക്കുമെന്നും റെയില്‍വേ സേവ എക്സിലെ പോസ്റ്റിൽ പറയുന്നു. പ്രശ്നം കതിഹാർ ഡിവിഷനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആശങ്കകള്‍ പ്രകടിപ്പിച്ച് നെറ്റിസണ്‍സുമെത്തി. നമ്മൾ റിസർവേഷൻ ചാർജുകൾ കൃത്യമായി എന്തിനാണ് നൽകുന്നത്? എന്നാണ് ഒരാള്‍ ചോദിച്ചത്. ‘ട്രെയിൻ ബിഹാറിലൂടെ കടന്നുപോയാൽ കാൽ വയ്ക്കാൻ പോലും ഇടമുണ്ടാകില്ല. യാത്രക്കാര്‍ എല്ലാ കോച്ചുകളിലും കയറുന്നു, അത് എസി ആയാലും സ്ലീപ്പർ ആയാലും. ഇതൊരു പ്രശ്നമാണ്’ മറ്റൊരാള്‍ പറഞ്ഞു. ‘ ബിഹാറിൽ നിർത്താത്ത ട്രെയിനുകൾ വരേണ്ടിവരുമെന്നും’ നെറ്റിസണ്‍സ് കുറിച്ചു.