മുംബൈ ലോക്കൽ ട്രെയിൻ അപകടങ്ങളിൽ മരിക്കുന്ന മൂന്നിലൊന്ന് ആളുകളെയും തിരിച്ചറിയുന്നില്ലെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ 17 വർഷത്തിനിടെ 50,000 പേരാണ് ട്രെയിനിൽ നിന്ന് വീണു മരിച്ചത്. ഇതിൽ 15,725 പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പുറത്തുവന്ന വിവരാവകാശരേഖ വ്യക്തമാക്കുന്നത്.
ലോക്കൽ ട്രെയിനിൽ നിന്ന് വീണ് രണ്ടു കാലും നഷ്ടപ്പെട്ട വിവരാവകാശ പ്രവർത്തകനാണ് അപകടങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. 2008 മുതൽ 2024 വരെയുള്ള കണക്കുകൾ പ്രകാരം അരലക്ഷത്തിലേറെപ്പേരിൽ മൂന്നിലൊന്ന് ആളുകളെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വിവരവാകാശ രേഖ വ്യക്തമാക്കുന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ ഭവനരഹിതരായ വ്യക്തികൾ, ദിവസ വേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിങ്ങനെയുള്ളവരാണ് കൂടുതലും.
തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ 45 ദിവസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിക്കുമെന്നും അധികൃതർ പറഞ്ഞു. മുംബ്രയിൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചതിന്‍റെ പശ്ചാത്തലത്തിൽ റെയിൽവേയ്ക്കെതിരെ കടുത്ത വിമർശനം നില നിൽക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുന്നത്.