ഈയാഴ്ച്ച ഇന്ത്യയിലെത്തുന്ന ലയണല്‍ മെസി മുംബൈയിലെ ഫാഷന്‍ ഷോയില്‍ റാംപിലെത്തും. പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍, കൊല്‍ക്കത്തയിലെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ, താമസിക്കുന്ന ഹോട്ടലിൽ നിന്ന് വെർച്വലായി മെസി അനാവരണം ചെയ്യും. 2022 ലോകകപ്പുമായി ബന്ധപ്പെട്ട ചില ഓർമവസ്തുക്കൾ ലേലത്തിനായി കൊണ്ടുവരാൻ മെസ്സിയോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ടെന്നും സംഘാടകർ പറയുന്നു.
ഞായറാഴ്ച രാത്രിയാണ് മുംബൈയിലെ ഫാഷന്‍ ഷോ. മെസിക്കൊപ്പം, ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും അണിനിരക്കും. പ്രവേശനം ക്രിക്കറ്റ് /ബോളിവുഡ് താരങ്ങൾ, കോടീശ്വരന്മാർ, പ്രമുഖ മോഡലുകൾ തുടങ്ങിയ ക്ഷണിതാക്കള്‍ക്ക് മാത്രം. ശനിയാഴ്ച പുലർച്ചെ 1.30-നാണ് മെസി ഇന്ത്യയിലെത്തുന്നത്. കൊല്‍ക്കത്തിലെത്തുന്ന മെസി ഇഎം ബൈപാസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കും. അസം ചായക്കൂട്ടുകൾ ചേർത്ത അർജന്റീനൻ ഹെർബൽ ചായ, ബംഗാളി മത്സ്യവിഭവങ്ങൾ, പ്രാദേശിക മധുരപലഹാരങ്ങൾ എന്നിവ ഉള്‍പ്പെടുന്ന അർജന്റീന-ഇന്ത്യൻ ഫ്യൂഷൻ ഭക്ഷ്യമേളയും മെസിക്കായി ഒരുക്കിയിട്ടുണ്ട്.
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണി മുതൽ നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പിൽ, മെസ്സിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കും. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെസി സന്ദർശിക്കും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും ഡല്‍ഹിയില്‍ നടക്കും.