ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസില്‍ ലോക്സഭയില്‍ ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാര്‍. ഹൈബി ഈഡനും ഷാഫി പറമ്പിലും അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.
അതേസമയം, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാന്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തീസ്ഗഡിലെത്തി. ബെന്നി ബഹനാന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള എം.പിമാരും എം.എല്‍.എമാരും സംഘത്തിലുണ്ട്. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടുമെന്ന് എംപിമാര്‍ പറഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്‍റണി കൂടിക്കാഴ്ച നടത്തി. Also Read: കന്യാസ്ത്രീകള്‍ക്കെതിരായ നടപടി; കുറ്റം ചുമത്തിയത് ശരിവച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. ദുർഗ് ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. ശക്തമായ പ്രതിഷേധങ്ങളോട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിപോലും മുഖംതിരിക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്.
പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്ന ആരോപണം ഛത്തീസ്ഗഡ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തതില്‍ സഭാനേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ പരാമർശം സിബിസിഐ പരിശോധിക്കുകയാണ്.