ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിവച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. നടന്നത് മതംമാറ്റശ്രമം തന്നെയെന്ന് വിഷ്ണു ദേവ് സായി പറഞ്ഞു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയമാണ്. പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തും മതം മാറ്റാനുള്ള ശ്രമവും നടന്നുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിഷ്ണു ദേവ് സായി പറഞ്ഞു. പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കെ.സി.വേണുഗോപാൽ രംഗത്ത് വന്നു. മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണിതെന്ന് കെ.സി.വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
അതേസമയം അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തി. കേരളത്തില്‍ കേക്കും നോര്‍ത്തില്‍ കൈവിലങ്ങുമെന്നതാണ് കേന്ദ്രത്തിലെ ഭരണപ്പാര്‍ട്ടിയുടെ നയമെന്ന് സഭ ആരോപിച്ചു. പ്രധാനമന്ത്രി മാന്യമായി സംസാരിക്കുന്നുണ്ടെങ്കിലും പ്രവൃത്തിയില്‍ വരുമ്പോള്‍ കാണുന്നില്ലെന്ന് മാര്‍ ക്ലീമീസ് കാതോലിക്കാബാവാ വിമര്‍ശിച്ചു. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സിറോ മലബാര്‍ സഭ നടത്തിയത്. ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ് ഛത്തീസ്ഗഢില്‍നടന്നത്. മുന്‍വര്‍ഷങ്ങളിലുള്‍പ്പെടെ 4316 അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായി.
രാജ്യത്ത് ക്രൈസ്തവര്‍ ഭയത്തില്‍ കഴിയുകയാണെന്ന് സിബിസിഐ പ്രസിഡന്‍റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിനെ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാബാവ അപലപിച്ചു. പ്രധാനമന്ത്രിക്കും വിമര്‍ശനമുണ്ടായി. കേരളത്തിൽ പ്രീണനവും കേരളത്തിന് പുറത്ത് പീഡനവുമാണെന്ന് ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് ഓർത്തഡോക്സ് സഭ പറഞ്ഞു. ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നതായും സഭ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സിഎസ്ഐ സഭ ആവശ്യപ്പട്ടു.