എ.ഐ ജനറേറ്റഡ് ചിത്രം.
പണിതീരാത്ത വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് യുവാക്കള്‍ മരണപ്പെട്ടു. കോണ്‍ട്രാക്ടറായ സുഭാഷ് (32), നിര്‍മാണ തൊഴിലാളി പ്രദീപ് (22) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇരുവരുടെയും കുടുംബങ്ങള്‍ ആരോപിച്ചതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും സെപ്റ്റിക് ടാങ്കില്‍ വീണ് ശ്വാസംമുട്ടി മരിച്ചു എന്ന വിവരമാണ് ലഭിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തൊഴിലാളികള്‍ പലരും പലതാണ് മരണകാരണമായി പറഞ്ഞതെന്ന് സുഭാഷിന്‍റെ കുടുംബം ആരോപിക്കുന്നു.
ആദ്യം ലഭിച്ച വിവരം സുഭാഷിന് വൈദ്യുതാഘാതമേറ്റു എന്നായിരുന്നു. രണ്ടു ദിവസം മുന്‍പ് പണി തീര്‍ത്ത സെപ്റ്റിക് ടാങ്കായിരുന്നു അത്. ഉണങ്ങിക്കിടന്ന അതില്‍ നിന്ന് എങ്ങനെ വൈദ്യുതാഘാതമേറ്റു എന്ന ചോദ്യം സുഭാഷിന്‍റെ ബന്ധു ഉയര്‍ത്തുന്നു. ആദ്യം പ്രദീപ് ടാങ്കിലേക്ക് ഇറങ്ങി. തൊട്ടുപിന്നാലെ വൈദ്യുതാഘാതമേറ്റ് ഇയാള്‍ സെപ്റ്റിക് ടാങ്കില്‍ വീണു. പ്രദീപിനെ കാണാതായതോടെയാണ് സുഭാഷ് ടാങ്കിലേക്ക് ഇറങ്ങിയത് എന്ന വിവരമാണ് സുഭാഷിന്‍റെ വീട്ടുകാര്‍ക്ക് ആദ്യം ലഭിച്ച വിവരം. ഇതോടെ ഇവര്‍ കെട്ടിടം പണി നടക്കുന്ന സ്ഥലത്തേക്ക് ഓടിപ്പാഞ്ഞെത്തി.
എന്നാല്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ മറ്റൊന്നാണ് കേള്‍ക്കാനായത്. സെപ്റ്റിക് ടാങ്കിനുള്ളില്‍ ഒരടിയോളം മാലിന്യമുണ്ടായിരുന്നു. ഇതില്‍ നിന്നുയര്‍ന്ന വിഷമയം ശ്വസിച്ചാണ് ഇരുവരും മരണപ്പെട്ടതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സത്യം പുറത്തുവരണമെങ്കില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് സുഭാഷിന്‍റെ ബന്ധുവായ രാജ്‌കിഷോര്‍ മണ്ഡല്‍ പറയുന്നത്. എന്നാല്‍ പ്രദീപിന്‍റെ വീട്ടുകാര്‍ക്ക് ലഭിച്ച വിവരം സെപ്റ്റിക് ടാങ്കില്‍ വീണ എന്തോ വസ്തുവെടുക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രദീപ് ശ്വാസംമുട്ടി മരിച്ചു എന്നായിരുന്നു.
ബിഹാറിലെ ബാങ്ക സ്വദേശിയാണ് മരണപ്പെട്ട സുഭാഷ്. കോവിഡ് കാലത്തിനുശേഷമാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് ജോലി സാധ്യതതേടി താമസം മാറിയത്. ബിഹാറിലെ ചാപ്ര സ്വദേശിയാണ് മരണപ്പെട്ട പ്രദീപ്. ഇയാള്‍ ഡല്‍ഹിയില്‍ എത്തിയിട്ട് ആറുമാസമായിട്ടേയുള്ളൂവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.