സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട്.
പയര്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ കയറുകൊണ്ട് കൂട്ടിക്കെട്ടി നഗരപ്രദക്ഷിണം നടത്തി നാട്ടുകാര്‍. ബിഹാറിലെ മങ്ഹറിലാണ് സംഭവം. കുട്ടികളെ തല്ലിച്ചതച്ചാണ് നാട്ടുകാര്‍ നഗരപ്രദക്ഷിണം നടത്തിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.
നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് 25 കിലോ പയര്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഈ ക്രൂരത. ശനിയാഴ്ച മങ്ഹറിലെ ജോവബാഹിയാര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്‍റെ 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടികളെ കയറുകൊണ്ട് കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി ഗ്രാമവാസികള്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നതാണ് വിഡിയോയില്‍ കാണുന്നത്. നാലുപേരില്‍ ഒരാണ്‍കുട്ടി കുറ്റം സമ്മതിച്ചു. തന്നെക്കാള്‍ മോഷണത്തില്‍ പങ്കുള്ളത് മറ്റ് മൂന്നുപേര്‍ക്കുമാണെന്ന് ഈ കുട്ടി പറഞ്ഞു. ഇതോടെയാണ് നാലുപേരെയും നാട്ടുകാര്‍ തല്ലിച്ചതച്ച് വലിച്ചഴച്ചത്. ഇവരുടെ ബന്ധുക്കളോ മറ്റ് ഗ്രാമവാസികളോ ഇത് തടയാനും ശ്രമിക്കുന്നില്ല.
ഗ്രാമത്തിലെ ചില കടക്കാര്‍ ഈ കുട്ടികള്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് ആരോപിക്കുന്നുണ്ട്. ചില ഗ്രാമവാസികളും ഈ ശിക്ഷ ശരിയാണെന്ന് പറയുന്നുണ്ട്. ഇനി മേലാല്‍ ഇവര്‍ ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ പാടില്ല. കുറ്റം ചെയ്യാന്‍ പ്രേരണ തോന്നുന്നവരില്‍ ഇതൊരു പാഠമാകണം എന്നും ചിലര്‍ പറയുന്നുണ്ട്. സംഭവത്തിന്‍റെ വിഡിയോ കണ്ടുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.