ബിഹാര്‍ നിയമസഭയില്‍ വച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പുകയില ഉപയോഗിക്കുന്ന വിഡിയോ പുറത്ത്. നിയമസഭയ്ക്കുള്ളിൽ ഇരുന്ന് സാമ്രാട്ട് ചൗധരി "ഖൈനി' (പുകയില) തയ്യാറാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡിയും കോൺഗ്രസുമാണ് ഈ വിഡിയോ പുറത്തുവിട്ടത്. സഭാനടപടികൾക്കിടയിൽ ഉപമുഖ്യമന്ത്രി കൈവെള്ളയിൽ പുകയില തിരുമ്മി തയ്യാറാക്കി ഉപയോഗിച്ചുവെന്നാണ് ആരോപണം.
പിന്നാലെ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ധനമന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ് സഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ തൊട്ടടുത്തിരുന്നാണ് സാമ്രാട്ട് ചൗധരി പുകയില ഉപയോഗിച്ചത്. മന്ത്രി ഇതുവരെ വിവാദത്തോട് പ്രതികരിച്ചിട്ടില്ല. നേതാക്കളുടെ പെരുമാറ്റം സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും ഉത്തരവാദിത്വപ്പെട്ട മന്ത്രി തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ബീഹാറിന്‍റെ അന്തസ്സ് ദേശീയ തലത്തിൽ കെടുത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. അതേസമയം, ഉപമുഖ്യമന്ത്രി പുകയില ഉപയോഗിച്ചില്ലെന്നും മൗത്ത് ഫ്രഷ്നറോ ഏലയ്ക്കയോ കഴിച്ചിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം.
വിഡിയോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിയമസഭ 'ജനാധിപത്യത്തിന്റെ ക്ഷേത്രം' ശ്രീകോവിലാണെന്നും ഇത്തരം പെരുമാറ്റം അച്ചടക്കമില്ലായ്മയാണെന്നും പറഞ്ഞുകൊണ്ട് നിരവധി പേരാണ് മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.