Remains of the crashed Air India plane lie on a building, in Ahmedabad
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് മാറി അയച്ചതായി റിപ്പോര്‍ട്ട്. യുകെയില്‍ എത്തിച്ച മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മരിച്ചവരുടെ ഡിഎൻഎ കുടുംബങ്ങളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിഞ്ഞത്. യുകെയിലെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ജെയിംസ് ഹീലി-പ്രാറ്റാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ 12 മുതൽ 13 സെറ്റ് വരെയുള്ള ഭൗതികാവശിഷ്ടങ്ങളാണ് യുകെയിലേക്ക് അയച്ചത്. അപകടത്തില്‍ മരിച്ച 261 പേരില്‍ 52 പേർ ബ്രിട്ടീഷുകാരായിരുന്നു. ഇവരില്‍ 12 ബ്രിട്ടീഷ് പൗരന്മാരുടെ ഭൗതീകാവശിഷ്ടങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. അതേസമയം, നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ത്യയിൽ നടത്തിയതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ യുകെയിലേക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളില്‍ പലതും താമസിയാതെ തന്നെ ആചാരങ്ങൾക്കനുസൃതമായി സംസ്കരിച്ചിരുന്നു. എന്നാല്‍ രണ്ട് കുടുംബങ്ങൾ ഡിഎന്‍എ പരിശോധന നടത്തിയതിന് പിന്നാലെയാണ് അവശിഷ്ടങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതല്ലെന്ന് തിരിച്ചറിഞ്ഞത്. ഇൻറർ വെസ്റ്റ് ലണ്ടനിലെ ഡോ. ഫിയോണ വിൽകോക്സാണ് ഇത്തരത്തില്‍ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തിയവരില്‍ ഒരാള്‍. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ മാറിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്,
അതേസമയം, മറ്റൊരു കുടുംബത്തിന് ലഭിച്ച മൃതദേഹത്തോടൊപ്പം അതേപെട്ടിയില്‍ അജ്ഞാതനായ മറ്റൊരു വ്യക്തിയുടെ മൃതദേഹവും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടർന്ന് കുടുംബത്തിന് ശവസംസ്കാര ചടങ്ങുകള്‍ ഉപേക്ഷിക്കേണ്ടി വന്നതായും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഒന്നിലധികം ആളുകളുടെ ഭൗതികാവശിഷ്ടങ്ങൾ ഒരൊറ്റ പെട്ടിയില്‍ സൂക്ഷിച്ചതായും ശവസംസ്കാരത്തിന് മുമ്പ് അവ വേർതിരിക്കേണ്ടി വന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജൂൺ 12 നാണ് അഹമ്മദാബാദിൽ എയര്‍ഇന്ത്യയുടെ AI171 വിമാനം തകർന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്വികിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കകം അഗ്നിഗോളമായി നിലംപതിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞരീതിയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയത്.