ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു ‘എംബസി’യുണ്ടായിരുന്നു. പ്രവര്‍ത്തനം ആഡംബര ഇരുനില കെട്ടിടത്തില്‍. പുറത്ത് നയതന്ത്ര നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച നാല് ആഢംബര കാറുകള്‍. ഏതുരാജ്യത്തിന്‍റേതാണ് ഈ ‘എംബസി’? ലോകത്ത് ഇതുവരെ ഒരു രാഷ്ട്രവും അംഗീകരിക്കാത്ത അന്റാർട്ടിക്കയിലെ മൈക്രോനേഷനായ വെസ്റ്റ് ആർക്ടിക്കയുടേതെന്ന പേരിലായിരുന്നു പ്രവര്‍ത്തനം. രഹസ്യവിവരം കിട്ടിയതോടെ യുപി സ്പെഷൽ ടാസ്ക് ഫോഴ്സെത്തി ഒറിജിനലിനെ വെല്ലുന്ന വ്യാജന് പൂട്ടിട്ടു. എട്ടു വർഷമായി വ്യാജ എംബസിയുടെ പേരില്‍ തട്ടിപ്പുനടത്തിയ ‘അംബാസഡറെ’യും പിടികൂടി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൊഴിൽ തട്ടിപ്പ് നടത്തിയെന്ന് കേസുമെടുത്തു. എംബസി നടത്തിയ ഹർഷവർധൻ ജെയിൻ അറസ്റ്റിലായി. കള്ളപ്പണം വെളുപ്പിക്കൽ, നയതന്ത്ര രേഖകൾ വ്യാജമായി ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചേര്‍ത്തിട്ടുണ്ട്.
ഗാസിയാബാദിലെ വാടകക്കെട്ടിടത്തിലായിരുന്നു സ്വയംപ്രഖ്യാപിത എംബസിയുടെ പ്രവര്‍ത്തനം. വെസ്റ്റ് ആർക്ടിക്കയുടെ പതാകകളും സ്ഥാപിച്ചിരുന്നു. കെട്ടിടത്തിന് പുറത്ത് നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ഓഡി, മെഴ്‌സിഡസ് എന്നിവയുൾപ്പെടെ ആഡംബര കാറുകള്‍. ജെയിനിന്റെ ഓഫീസിൽ പ്രധാനമന്ത്രിമാർക്കും പ്രസിഡന്റുമാർക്കുമൊപ്പമുള്ള മോർഫ് ചെയ്ത ഫോട്ടോകളും. അറസ്റ്റിലായ ‘അംബാസഡര്‍’ ‘എംബസി’ക്ക് പുറത്ത് സമൂഹ വിരുന്ന് ഉൾപ്പെടെയുള്ള ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുമായിരുന്നു.
12 മൈക്രോനേഷനുകളുടെ 'നയതന്ത്ര പാസ്‌പോർട്ടുകൾ', വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാംപുകൾ പതിച്ച രേഖകൾ, 34 രാജ്യങ്ങളുടെ സ്റ്റാംപുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി, 18 നയതന്ത്ര നമ്പർ പ്ലേറ്റുകൾ, ആഡംബര വാച്ച് ശേഖരം തുടങ്ങിവയാണ് ‘എംബസി’ കെട്ടിടത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഇവിടെ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകളും എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. 2017 മുതൽ വ്യാജ എംബസി പ്രവർത്തിച്ചുവരികയായിരുന്നു.
2011-ൽ നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. വിവാദ ‘ആൾദൈവം’ ചന്ദ്രസ്വാമിയുമായും സൗദി ആയുധ ഇടപാടുകാരൻ അദ്‌നാൻ ഖഷോഗിയുമായും ജെയിനിന് അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന ഫോട്ടോകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
വെസ്റ്റ് ആർക്ടിക്ക
2001ലാണ് യുഎസ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്‌ഹെൻറി അന്റാർട്ടിക്കയിൽ വെസ്റ്റ് ആർക്ടിക്ക എന്ന രാജ്യം സ്ഥാപിക്കുന്നത്. അതിന്റെ ഗ്രാൻഡ് ഡ്യൂക്കായി അദ്ദേഹം സ്വയം അവരോധിക്കുകയും ചെയ്തു. 6,20,000 ചതുരശ്ര മൈൽ ആണ് രാജ്യത്തിന്‍റെ വിസ്തീര്‍ണം. 2,356 പൗരന്മാര്‍ ഈ രാജ്യത്തുണ്ടെന്ന് പറയപ്പെടുന്നു. അവരില്‍ ആരും അവിടെ താമസിക്കുന്നില്ല. സ്വന്തമായി പതാകയും കറൻസിയും ഉണ്ടെങ്കിലും ലോകത്ത് ഒരു രാജ്യവും വെസ്റ്റ് ആർക്ടിക്കയെ അംഗീകരിച്ചിട്ടില്ല. വെസ്റ്റ് ആർക്ടിക്ക മാത്രമല്ല, പരമാധികാരം അവകാശപ്പെടുന്ന ഒരു രാജ്യവും അംഗീകരിക്കാത്ത മൈക്രോരാഷ്ട്രങ്ങള്‍ വേറെയുമുണ്ട്.