godman-maharashtra-case

Image: x

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അനുയായികളെ വടികൊണ്ട് അടിച്ചും ചെരിപ്പ് വായില്‍ തിരുകിയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം സഞ്ജയ് രംഗനാഥ് പഗാര്‍ക്കെതിരെ അന്വേഷണം. മഹാരാഷ്ട്രയിലെ സാംഭാജിനഗറിലാണ് സംഭവം. ശരീരത്തിലെ ദുഷ്ടശക്തികളെ കളയുന്നതിനെന്ന് അവകാശപ്പെട്ടാണ്  പഗാര്‍ക്കര്‍ അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ നടത്തിവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ പഗാർക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാണ്.  സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും വിവാദ ആള്‍ദൈവത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വൈജാപുർ തെഹ്‌സിലിലെ ഷിയുർ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തെ കേന്ദ്രമാക്കിയായിരുന്നു സഞ്ജയ് രംഗനാഥ് പഗാർ പ്രവര്‍ത്തിച്ചുവന്നത്. തനിക്ക് അമാനുഷിക ശക്തികൾ ഉണ്ടെന്ന് അവകാശപ്പെട്ട സഞ്ജയ്, ബാധ ഒഴിപ്പിക്കാനും, വിവാഹം നടത്താനും, കുട്ടികളുണ്ടാകാനും തന്‍റെ ആചാരങ്ങള്‍ക്ക് കഴിയുമെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെയുള്ളവരെ ഇയാള്‍ വടികൊണ്ട് അടിക്കുകയും ചെരിപ്പ് വായില്‍ തിരുകുകയും ക്ഷേത്രത്തിന് ചുറ്റും ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രോഗശാന്തിക്കായി പച്ചിലകള്‍ നല്‍കിയിരുന്ന പഗാര്‍ അനുയായികളെ മൂത്രം കുടിക്കാനും നിർബന്ധിക്കുമായിരുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും പോരാടുന്ന ആക്ടിവിസ്റ്റുകളുടെ സംഘടന നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് സംഭവം പുറത്തുവന്നത്. പുറത്തുവിട്ട വിഡിയോകളില്‍ ഒന്നില്‍ ഇയാള്‍ നിലത്ത് കിടക്കുന്ന ഒരാളുടെ മുഖത്ത് ചവിട്ടുന്നത് കാണാം. അയാളുടെ നേരെ മഞ്ഞള്‍പ്പൊടി എറിയുകയും വായില്‍ ഷൂ തിരുകുകയും ചെയ്യുന്നു. മറ്റൊരു ദൃശ്യത്തില്‍ നിലത്ത് കിടക്കുന്ന ഒരാളുടെ കഴുത്തിൽ ചവിട്ടുകയും വയറ്റില്‍ മരക്കഷ്ണം വച്ച് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. 

സംഘടനയുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചന, ആക്രമണം, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നാലെ അനുയായികളുമായി ഒളിവില്‍പ്പോയ ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Authorities in Maharashtra have launched an investigation against Sanjay Ranganath Pagare, a self-proclaimed godman accused of forcing his followers to drink urine, beating them with sticks, and subjecting them to inhumane rituals in the name of exorcism. Shocking videos from his temple in Shiur village reveal physical assaults and degrading acts against men and women. Activist groups exposed his actions through a sting operation, leading to an FIR. The accused is on the run, and police have intensified the search.