ചെന്നൈ നഗരം മുപ്പതിന്‍റെ വൈബിലേക്ക്. നൂറ്റാണ്ടുകളുടെ പഴക്കവും തഴക്കവുമുള്ള മദ്രാസ് നഗരം ചുറുചുറുക്കുള്ള ചെന്നൈയായി മാറിയിട്ട് 29 വർഷം പൂർത്തിയായി.
ചെന്നൈ നഗരം. ദക്ഷിണേന്ത്യയുടെ തലയെടുപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ. തമിഴകത്തിന്‍റെ തലസ്ഥാന നഗരത്തിന്‍റെ പേരിലും തമിഴ് 'ടച്ച്' നൽകുന്നതിന്‍റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയാണ് മദ്രാസ് എന്ന പേര് ചെന്നൈ എന്നുമാറ്റി പ്രഖ്യാപനം നടത്തിയത്. വര്‍ഷം 1996 ജൂലൈ 17.
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കാലം മുതലുള്ള മദ്രാസ് എന്ന പേര് മാറ്റണമെന്ന ദീർഘകാല ആവശ്യത്തെ തുടർന്നാണു ഡിഎംകെയുടെ നേതൃത്വത്തിൽ പേരുമാറ്റം നടത്തിയത്. പ്രാചീന കാലത്ത് നിലവിലുണ്ടായിരുന്ന മദ്രാസപട്ടണത്തിൽ നിന്നാണു ബ്രിട്ടിഷുകാർ മദ്രാസ് എന്ന പേര് സ്ഥിരമായി ഉപയോഗിച്ചത്. ഇതേ കാലത്ത് തന്നെ നിലവിലുണ്ടായിരുന്ന ചെന്നപട്ടണം എന്ന ടൗണിൽ നിന്നാണു ചെന്നൈ എന്ന പേര് രൂപപ്പെടുത്തിയത്. തമിഴകത്തിന്‍റെ ഭരണ സിരാകേന്ദ്രമായ സെന്‍റ് ജോർജ് കോട്ടയുടെ തെക്ക് ഭാഗത്തായിരുന്നു അന്നത്തെ ചെന്നപട്ടണം.