Chairs and tables are scattered at the site of a suspected militant attack on tourists in Baisaran near Pahalgam in south Kashmir's Anantnag district, April 24, 2025. REUTERS/Adnan Abidi
രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഹ്ളാദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ഭീകരര്‍ ആകാശത്തേക്ക് 4 തവണ വെടിവച്ചെന്നാണ് എന്‍ഐഎക്ക് ദൃക്സാക്ഷി മൊഴി നല്‍കിയത്. ജമ്മു കശ്മീർ പൊലീസിന്‍റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെ എന്‍ഐഎയാണ് പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്നത്.
ആക്രമണം നടന്ന് മിനിറ്റുകൾക്ക് ശേഷമായിരുന്നു ഭീകരരുടെ ആഹ്ളാദ പ്രകടനം. സാധാരണക്കാരെ വെടിവച്ച ശേഷം ബൈസരനിൽ നിന്ന് പോകുമ്പോൾ ഭീകരര്‍ തന്നെ തടഞ്ഞുവച്ചതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്നോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടെന്നും എന്നാല്‍ പ്രാദേശിക ഭാഷയില്‍ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ വെറുതെ വിട്ടെന്നുമാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നാലെ അവര്‍ ആഘോഷപൂർവ്വം വെടിവയ്ക്കാൻ തുടങ്ങി. നാലു തവണ ആകാശത്തേക്ക് വെടിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇയാളുടെ മൊഴിയില്‍ അന്വേഷണം ആരംഭിച്ച എന്‍ഐഎ സംഭവ സ്ഥലത്തുനിന്ന്, ഉപയോഗിച്ച നാല് വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഭീകരര്‍ക്ക് അഭയം നൽകിയെന്നാരോപിച്ച് എൻഐഎ നാട്ടുകാരായ പർവൈസ് അഹമ്മദ് ജോതർ, ബഷീർ അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടുപേരും ഒരു കുന്നിൻ സമീപത്ത് അക്രമികളുടെ സാധനങ്ങൾ സൂക്ഷിച്ചതായും ദൃക്സാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരേയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.
ആക്രമണത്തിന് ഒരു ദിവസം മുമ്പ് മൂന്ന് ഭീകരരും ഉച്ചകഴിഞ്ഞ് 3:30 ഓടെ തന്‍റെ വീട്ടിൽ വന്ന് ഭക്ഷണം ആവശ്യപ്പെട്ടതായി പർവൈസ് അഹമ്മദ് അവകാശപ്പെട്ടു. അവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. തന്‍റെ ഭാര്യ അവർക്ക് ഭക്ഷണം വിളമ്പിയെന്നും അവർ ഏകദേശം നാല് മണിക്കൂറോളം അവര്‍ വീട്ടില്‍ ഇരുന്നെന്നും പര്‍വൈസ് പറഞ്ഞു. ബൈസരനിലെ സുരക്ഷാ ക്രമീകരണങ്ങൾ, വിനോദസഞ്ചാരികൾ ഒത്തുചേരുന്ന സ്ഥലങ്ങൾ, വഴികൾ, സമയം എന്നിവയാണ് അവര്‍ ചോദിച്ചതെന്നും പര്‍വൈസ് പറയുന്നു.
പോകുന്നതിനുമുമ്പ് ഇവര്‍ പർവൈസിന്‍റെ ഭാര്യയുടെ അടുക്കല്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളും അരിയും ആവശ്യപ്പെട്ടെന്നും കുടുംബത്തിന് 500 രൂപയുടെ അഞ്ച് നോട്ടുകൾ നൽകിയതായും പര്‍വൈസ് പറഞ്ഞു. പിന്നീടാണ് ഇവര്‍ ബഷീറിന്‍റെ അടുത്തെത്തുന്നത്. ഏപ്രിൽ 22 ന് ഉച്ചയ്ക്ക് 12:30 ഓടെ ബൈസരനിൽ എത്താൻ ഭീകരര്‍ ഇരുവരോടും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് ശ്രീനഗർ-സോനാമാർഗ് ഹൈവേയിൽ ഇസഡ്-മോർ തുരങ്കം നിർമ്മിക്കുന്ന സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സുലൈമാൻ ഷായാണ് ഭീകരരില്‍ ഒരാൾ എന്ന് കരുതുന്നതായി വൃത്തങ്ങൾ അറിയിച്ചു. മൂന്നുപേരും ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.