അഹമ്മദാബാദില്‍ തകര്‍ന്ന വിമാനത്തിന്റെ ഇന്ധനസ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഘടകം എയര്‍ ഇന്ത്യ രണ്ടുതവണ മാറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. ടേക്ക് ഓഫ് സമയത്ത് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തനരഹിതമാകാൻ കാരണമായതിനെക്കുറിച്ച് അന്വേഷണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവരം പുറത്തുവരുന്നത്. എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിലെ പ്രധാന ത്രോട്ടിൽ കൺട്രോൾ മോഡ്യൂൾ, അതായത് ഇന്ധനനിയന്ത്രണ സ്വിച്ചുകൾ ഉൾപ്പെടുന്ന ഘടകം, അപകടം സംഭവിക്കുന്നതിന് മുമ്പ് രണ്ട് തവണ മാറ്റിയെന്നാണ് വിവരം. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് അപകടസാധ്യതയില്ലെന്നും സുരക്ഷിതമാണെന്നും ബോയിങ് വ്യക്തമാക്കി.
2019ലും 2023ലുമാണ് ദ് ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍(TCM) മാറ്റിവച്ചത്. അതേസമയം ബോയിങ്ങിന്റെ മെയിന്റനന്‍സ് പ്ലാനിങ് ഡോക്യുമെന്റില്‍ പറയുന്നതനുസരിച്ചുളള മാറ്റമാണിതെന്ന് എയര്‍ ഇന്ത്യ പറയുന്നു. ഓരോ 24,000 മണിക്കൂര്‍ പറക്കലിനു ശേഷവും ഈ യൂണിറ്റ് മാറ്റേണ്ടതാണെന്ന് ഡോക്യുമെന്റില്‍ നിര്‍ദേശിക്കുന്നു.
ജൂണ്‍ 12ന് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫിനു പിന്നാലെ തീഗോളമായി മാറുകയായിരുന്നു. ഇന്ധനനിയന്ത്രണ സ്വിച്ച് യൂണിറ്റ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറുകയും രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തെന്നാണ് ദ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(AAIB)യുടെ കണ്ടെത്തല്‍. ഇന്ധനസ്വിച്ചുകള്‍ രണ്ടുതവണ മാറ്റിയ കാര്യവും എഎഐബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അപകടവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
എഎഐബി അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളെ തുടര്‍ന്ന്, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ജൂലൈ 11-ന് ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റോയിട്ടേഴ്സിനു ലഭിച്ച വിവരങ്ങളനുസരിച്ച് ഇന്ധന നിയന്ത്രണ സ്വിച്ച് മാറ്റുന്നത് സുരക്ഷിതത്വത്തിന് പ്രശ്നമല്ലെന്നാണ് എഫ്എഎ വ്യക്തമാക്കുന്നത്.
ഒപ്ഷണല്‍ 2018 ഇന്‍സ്പെക്ഷന്‍ എയര്‍ ഇന്ത്യ നടത്തിയിരുന്നില്ലെങ്കിലും സേവനവുമായി ബന്ധപ്പെട്ട മറ്റെല്ലാ നിര്‍ദേശങ്ങളും നിയമങ്ങളും എയര്‍ ഇന്ത്യ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടേക്ക് ഓഫിനു ശേഷം ഇന്ധനസ്വിച്ച് എങ്ങനെ ഓഫായി എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അടുത്ത മാസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.