ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന്. മൂന്ന് മല്‍സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യ ഇന്ന് പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചേക്കും. സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിശാഖപട്ടണത്ത് വൈകിട്ട് ഏഴിനാണ് മല്‍സരം.
അടുത്തമാസം നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയില്‍ വിജയം തുടര്‍ക്കഥയായതോടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ ഒഴികെയെല്ലാവരും തകര്‍പ്പന്‍ ഫോമില്‍. ആദ്യ രണ്ട് മല്‍സരങ്ങളില്‍ റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയ ബോളിങ് നിര മൂന്നാം മല്‍സരത്തില്‍ മികവുകാട്ടിയത് ആശ്വാസമാണ്. പരുക്ക് അലട്ടുന്ന തിലക് വര്‍മയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമില്‍ ഇടംനേടും. ലോകകപ്പിനൊരുങ്ങുന്ന ടീമില്‍ ഏറെ പ്രതീക്ഷകളോടെ സ്ഥാനക്കയറ്റം കിട്ടിയ സഞ്ജുവിന്റെ ഫോമില്ലായ്മയാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയം.
ആദ്യ മല്‍സരത്തില്‍ പത്തും രണ്ടാം മല്‍സരത്തില്‍ ഭാഗ്യം കൊണ്ട് ആറ് റണ്‍സുമെടുത്ത സഞ്ജു കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി. ലോകകപ്പിലെ അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നതില്‍ ഈ പരമ്പരയിലെ പ്രകടനം നിര്‍ണായകമായതിനാല്‍ സഞ്ജുവിന്റെ ബാറ്റിങ് സിലക്ടര്‍മാരും ടീം മാനേജ്മെന്റും സൂക്ഷമമായി വീക്ഷിക്കുന്നുണ്ടാകും. മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മ തകര്‍പ്പന്‍ ഫോമില്‍ തുടരുന്നതും പരുക്ക് ഭേദമായി ടീമിനൊപ്പമെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മികവുകാട്ടിയതും സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയായേക്കും. സഞ്ജു ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ബോളിങ് കോച്ച് മോണി മോര്‍ക്കല്‍ പറഞ്ഞു. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്ക്കെതിരെ മുന്‍താരം ശ്രീകാന്ത് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മികച്ച താരമാണെങ്കിലും സ്ഥിരതയില്ലാത്തത് തിരിച്ചടിയാണെന്ന് മുന്‍താരം ഇര്‍ഫാന്‍ പട്ടാനും വ്യക്തമാക്കി.