ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ഹൃദയാഘാതം വന്നു മരിച്ചു. ആനന്ദിലെ ബൊർസാദ് താലൂക്കിലെ ദെഹ്‌വാൻ ഗ്രാമത്തിൽ താമസിക്കുന്ന നരേന്ദ്ര പർമറാണ് മരിച്ചത്. വഡോദരയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌എസ്‌ജി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥരോട് പാലം എങ്ങനെ തകർന്നുവെന്ന് വിവരിച്ച അതിജീവിച്ചവരിൽ ഒരാള്‍കൂടിയായിരുന്നു അദ്ദേഹം.
ബുധനാഴ്ചയാണ് മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന മഹിസാഗര്‍ നദിയിക്ക് കുറുകെയുള്ള ഗംഭീരാ പാലം തകര്‍ന്നത്. ഈ സമയം പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളടക്കം പുഴയിലേക്ക് വീഴുകയും ചെയ്തു. 60 അടി താഴ്ചയിലേക്കാണ് വാഹനങ്ങള്‍ പതിച്ചത്. പത്തിലധികം പേര്‍ അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നദിയില്‍ വീണിട്ടും രക്ഷപ്പെട്ട ആളുകളില്‍ ഒരാളായിരുന്നു നരേന്ദ്ര പർമര്‍. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ജോലി സ്ഥലത്തുനിന്ന് മടങ്ങവേയാണ് അദ്ദേഹം സഞ്ചരിച്ച മോട്ടര്‍ സൈക്കിള്‍ അടക്കം പാലം തകര്‍ന്ന് നദിയില്‍ വീഴുന്നത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്നയാള്‍ കൊല്ലപ്പെട്ടെങ്കിലും പിന്‍സീറ്റിലിരുന്ന നരേന്ദ്ര രക്ഷപ്പെടുകയായിരുന്നു. ‘ഭാഗ്യവാന്‍’ എന്നായിരുന്നു പ്രാദേശിക മാധ്യമങ്ങളും നാട്ടുകാരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് 45 കാരനായ നരേന്ദ്ര പർമര്‍ കുഴഞ്ഞുവീഴുന്നത്. രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം. അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളൊന്നും ഇല്ലായിരുന്നു. മുഖത്ത് കണ്ണുകൾക്ക് മുകളിൽ നാല് തുന്നലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 24 മണിക്കൂർ നേരത്തേക്ക് കഴിക്കാന്‍ പഴങ്ങളുടെ ജ്യൂസ് അല്ലാതെ ഒന്നും നല്‍കരുത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതനുസരിച്ച് മാതളനാരങ്ങ ജ്യൂസ് നൽകിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജ്യൂസ് നൽകിയതിന് തങ്ങളെ ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആളുകളോട് സംസാരിക്കുന്ന ആരോഗ്യവാനായ ഒരാൾ എങ്ങനെയാണ് ജ്യൂസ് കുടിച്ച് മരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ മൂത്ത സഹോദരൻ സിദ്ധരാജ് പർമർ ചോദിച്ചു.
അതേസമയം, കുടുംബത്തിന്റെ അവകാശവാദങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്നും രോഗിക്ക് ബോധമുണ്ടായിരിന്നെന്നും ഭക്ഷണമോ ജ്യൂസോ കഴിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും എസ്എസ്ജി ആശുപത്രിയുടെ ചുമതലയുള്ള ആർഎംഒ ഡോ. ഹിതേന്ദ്ര ചവാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര പർമറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം.