സർക്കാർ സ്കൂളുകളിലെ 33,220 അധ്യാപകർക്ക് കായിക, യോഗ പരിശീലനം നൽകാന്‍ പദ്ധതി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. പല സ്കൂളുകളിലും സ്ഥിരം കായിക അധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിനാണ് പുതിയ നീക്കം. ഇതിനായി 5.31 കോടി രൂപ വകയിരുത്തി.
ആദ്യ ഘട്ടത്തിൽ, ഓരോ ജില്ലയിൽ നിന്നും മൂന്ന് അധ്യാപകർക്ക് മാസ്റ്റർ പരിശീലകരാകാനുള്ള പരിശീലനം നൽകും. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം 1,991 മാസ്റ്റർ പരിശീലകരെ സൃഷ്ടിക്കുകയാണ് ആദ്യ പടി.
തുടർന്ന് ഈ മാസ്റ്റർ പരിശീലകർ അതത് ജില്ലകളിലെ വിവിധ സ്കൂളുകളില്‍ 1 മുതൽ 8 വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകർക്ക് പരിശീലനം നൽകും. ഈ അധ്യാപകര്‍ കുട്ടികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ട്രെയിനിങ് നൽകും.
ഓരോ സ്കൂളിലെയും കുറഞ്ഞത് ഒരു അധ്യാപകനെങ്കിലും കായിക, യോഗ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ശനിയാഴ്ചകളില്‍ 5 മണിക്കൂര്‍ വീതമാകും ട്രെയിനിങ്. മൂന്ന് ദിവസത്തെ സെഷനുകള്‍ക്ക് ശേഷം പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിക്കും.
മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം ഡിസംബർ 9 മുതൽ 11 വരെയും തുടർന്ന് അധ്യാപക തല പരിശീലനം ഡിസംബർ 16 മുതൽ 18 വരെയും നടക്കും.