മംഗളുരു എണ്ണ ശുദ്ധീകരണശാലയില്‍ വിഷവാതകം ചോര്‍ന്ന് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. രാവിലെ എട്ടുമണിയോടെ ഓയില്‍ മൂവ്മെന്റ് ഏരിയയിലെ ടാങ്കിനു മുകളില്‍ കയറിയ ഒാപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, ഉത്തര്‍പ്രദേശ് പ്രയാഗ്്രാജ് സ്വദേശി ദീപ് ചന്ദ്രഭാട്ടിയ എന്നിവരാണു മരിച്ചത്. തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പരിശോധിക്കാന്‍ കയറിയതായിരുന്നു ഇരുവരും.
ഇവരെ രക്ഷിക്കാനെത്തിയ വിനായക് എന്ന ഒപ്പറേറ്റും ബോധംകെട്ടുവീണു. ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം നേരിയ തോതില്‍ ചോര്‍ന്നതാണ് അപകടകാരണം. റിഫൈനറിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം പിന്നീട് ചോര്‍ച്ച അടച്ചു. അപകടത്തെ തുടര്‍ന്നു റിഫൈനറി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ മംഗളുരു പൊലീസ് കേസെടുത്തു.