260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച പ്രഥമിക റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകള്‍ നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനത്തിന്‍റെ സാങ്കേതിക തകരാറാണോ അതോ അട്ടിമറിയാണോ അപകടത്തിലേക്ക് നയിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തയുണ്ട്. കൂടുതല്‍ വ്യക്തതയുണ്ടാകാന്‍ വിശദമായ അന്വേഷണം വേണെമെന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.
വിമാനത്തിന്‍റെ എൻജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് ഓഫായി എന്നാണ് എഎഐബി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇത് തെളിയിക്കുന്ന പൈലറ്റുമാരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ അന്വേഷണ സംഘത്തിന് കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ചു. ഇന്ധനം സ്വിച്ച് ഓഫ് ആക്കിയതെന്തിനാണ് എന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടിയും കോക്പിറ്റില്‍ നിന്ന് കേള്‍ക്കാം. മനഃപൂർവം സ്വിച്ച് ഓഫാക്കിയതാണോ, സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.
230 യാത്രക്കാരാണ് എയര്‍ ഇന്ത്യ ബോയിങ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 യാത്രക്കാര്‍ ബിസിനസ് ക്ലാസിലും 215 പേര്‍ ഇക്കണോമി ക്ലാസിലുമായിരുന്നു. രണ്ടു കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു. 54.200 കിലോ ഇന്ധനമാണ് വിമാനത്തില്‍ നിറച്ചിരുന്നത്. ടേക്ക് ഓഫ് ഭാരം 2,12,401 കിലോ ആയിരുന്നു. ടേക്ക് ഓഫ് വെയ്റ്റ് നിശ്ചിതപരിധിക്കുള്ളിലായിരുന്നു. വിമാനത്തില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം പറന്നുയര്‍ന്നതിനു ശേഷം റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തനക്ഷമമാകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിമാനത്തിന്റെ പാതയില്‍ ഒരിടത്തും പക്ഷികളെ കാണാന്‍ കഴിയുന്നില്ല. എയര്‍ബോണ്‍ ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ (ഇഎആര്‍എഫ്) പ്രകാരം എന്‍ജിന്‍ ഒന്നിന്റെ ഫ്യുവല്‍ കട്ട് ഓഫ് സ്വിച്ച് പെട്ടെന്ന് കട്ട് ഓഫ് മോഡില്‍നിന്ന് റണ്‍ മോഡിലേക്ക് മാറിയിട്ടുണ്ട്. തൊട്ടുപിന്നാലെ രണ്ടാം എന്‍ജിന്റെയും സ്വിച്ച് പൂര്‍വസ്ഥിതിയിലെത്തി. ഇതിനിടെ ഇഎആര്‍എഫ് റെക്കോര്‍ഡിങ് നിര്‍ത്തി. പിന്നീട് വിമാനത്താവളത്തിന്റെ അതിര്‍ത്തിക്കു പുറത്ത് വിമാനം തകര്‍ന്നു വീണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ സ്വിച്ചുകള്‍ 'കട്ട് ഓഫ്' ആയി എന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാന അസ്വഭാവികതയായി നിലനില്‍ക്കുന്നത്. അബദ്ധത്തില്‍ കൈതട്ടിയാല്‍ ഈ സ്വിച്ച് ഓഫ് ആകുകയില്ല. ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അബദ്ധത്തില്‍ മറ്റേതെങ്കിലും സ്വിച്ച് ആണെന്ന് തെറ്റിധരിക്കാനുള്ള സാധ്യത വിരളമാണ്. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നെന്ന് ബോയിങ് കമ്പനി വ്യക്തമാക്കി.