കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ നേതാവിന്റെ ഭാര്യയുടെ അപകടമരണത്തിനു പിന്നാലെ ഗ്യാങ്ങില്‍ പൊട്ടിപ്പുറപ്പെട്ടത് വന്‍ കോലാഹലം. നാഗ്പൂരിലും സമീപപ്രദേശങ്ങളിലും സ്വാധീനമുള്ള ഐപാ ഗ്യാങ്ങിലാണ് സംഭവം നടക്കുന്നത്. ഗുണ്ടാസംഘത്തിലെ നേതാവിന്റെ ഭാര്യയുമായി സംഘത്തിലൊരാളായ അര്‍ഷദ് ടോപി പ്രണയത്തിലായതോടെയാണ് കോലാഹലങ്ങളുടെ തുടക്കം. ഒരു ദിവസം രഹസ്യമായി യുവതിക്കൊപ്പം ഇയാള്‍ പുറത്തുപോവുകയായിരുന്നു. എന്നാല്‍ യാത്രക്കിടെ ബൈക്ക് ജെസിബിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവസ്ഥലത്തെത്തിയ പട്രോളിങ് വാഹനത്തില്‍ യുവതിയെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചു. പിന്നീട് നാഗ്പൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും യുവതി പിന്നീട് മരിച്ചു. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ ഗുണ്ടാനേതാവിന്റെ ഭാര്യയും അംഗവുമായുള്ള രഹസ്യപ്രണയമടക്കം പുറത്തുവന്നു.
ഇതോടെ ഐപാ ഗ്യാങ്ങില്‍ വന്‍പ്രശ്നങ്ങള്‍ ഉടലെടുത്തു. അര്‍ഷദ് ടോപിയെ ഒറ്റുകാരനായി കണ്ട ഗ്യാങ് ഇയാളെ പുറത്താക്കാനും തീരുമാനിച്ചു. ഗുണ്ടാതലവന്റെ ഭാര്യ മരിച്ചത് അപകടത്തിലല്ലെന്നും ടോപി കൊലപ്പെടുത്തിയതാണെന്നും ഗ്യാങ് കരുതുന്നതായി നാഗ്പൂര്‍ പൊലീസ് പറയുന്നു. ടോപിയെ കണ്ടെത്താനായുള്ള നെട്ടോട്ടത്തിലാണ് 40 അംഗങ്ങളുള്ള ഐപാ ഗ്യാങ് സംഘമിപ്പോള്‍.
തന്റെ ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ടോപി പാര്‍ഡി ഡിസിപി ഓഫീസിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ടോപിയെ എപ്പോള്‍ വേണമെങ്കിലും സംഘം അപായപ്പെടുത്തിയേക്കാമെന്ന തിരിച്ചറിവില്‍ ഡിസിപി ഇയാളെ കോരഡി പൊലീസ് സ്റ്റേഷനിലേക്കയച്ചു മൊഴിയെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി മരിച്ചത് അപകടത്തില്‍ തന്നെയാണെന്നും ടോപി കൊലപ്പെടുത്തിയതല്ലെന്നും വ്യക്തമായിട്ടുണ്ട്. സാഹചര്യം മോശമായതിനാല്‍ ഒളിവില്‍ കഴിയാന്‍ തന്നെയാണ് ടോപിക്ക് പൊലീസ് നല്‍കിയ നിര്‍ദേശം.