ദലൈലാമയെ ചൊല്ലി ഇന്ത്യ–ചൈന ബന്ധത്തില്‍ ഉരസല്‍. പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദലൈലാമയെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്തുണച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഉഭയകക്ഷി ബന്ധം മോശമാകുമെന്ന മുന്നറിയിപ്പും ചൈന നല്‍കി. എന്നാല്‍ പ്രകോപനം ഒഴിവാക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ദലൈലാമയുടെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഭിന്നത ഉടലെടുക്കുന്നത്. പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ ചൈനയും ദലൈലാമയും ഏറ്റുമുട്ടലിന്‍റെ പാതയിലാണ്. ഭരണകൂടത്തിന്‍റെ അംഗീകാരമുള്ളയാളെ പിന്‍ഗാമിയായി വാഴിക്കുമെന്ന് ചൈനയും താന്‍ രൂപംകൊടുത്ത ട്രസ്റ്റിന് മാത്രമാണ് അതിന് അധികാരമെന്നു ദലൈലാമയും പറയുന്നു. ദലൈലാമയാണ് ഇക്കാര്യത്തില്‍ അവസാനവാക്കെന്നു പറഞ്ഞ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പക്ഷംപിടിച്ചത് ചൈനയെ പ്രകോപിപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ദലൈലാമയുടെ തൊണ്ണൂറാം പിറന്നാളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കിരണ്‍ റിജിജുവും കേന്ദ്രമന്ത്രി ലല്ലന്‍ സിങ്ങും പങ്കെടുക്കുന്നതും ചൈനയുടെ അതൃപ്തിക്ക് കാരണമാണ്. ഈ സാഹചര്യത്തിലാണ് ടിബറ്റിന്‍റെ കാര്യത്തില്‍ ഇന്ത്യ സൂക്ഷിച്ച് അഭിപ്രായം പറയണമെന്നും അല്ലെങ്കില്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയത്. സംയമനത്തിന്‍റെ ഭാഷയിലായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. മതപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ അഭിപ്രായപ്രകടനത്തിന് ഇല്ല എന്നുപറഞ്ഞ് വിവാദം ശമിപ്പിക്കാനാണ് ശ്രമം. വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് കിരണ്‍ റിജിജുവും നിലപാട് മയപ്പെടുത്തി. ചൈനയുമായി നിലവിലുള്ള ബന്ധം വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങള്‍.