AI Image
അമിതജോലി ഭാരം താങ്ങാനാവാതെ കുഴഞ്ഞു വീണ ടെക്കി യുവാവിന് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്ഷുവിലാണ് സംഭവം. ഗാവോ ഗുവാന്‍ഹുയ് (32) എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമറാണ് മരിച്ചത്. സ്ഥിരമായി അധിക സമയം ജോലി ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 29ന് ഗാവോ വീട്ടില്‍ ബോധരഹിതനായി വീണു. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. യുവാവിന്‍റെ മരണ വാര്‍ത്ത ഇപ്പോള്‍ മാത്രമാണ് പുറംലോകം അറിഞ്ഞത്.
അത്യാസന്ന നിലയിലായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഗാവോയുടെ ഫോണിലേക്ക് ഉടന്‍ ചെയ്തു തീര്‍ക്കേണ്ട ജോലിയുടെ ലിസ്റ്റ് വന്നുകൊണ്ടേയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സോഫ്റ്റ്വെയര് ഡവലപ്മെന്‍റ് കമ്പനിയില്‍ മിഡില്‍ ലെവല്‍ മാനേജരായാണ് ഗാവോ ജോലി ചെയ്തിരുന്നത്. ഗാവോ മരിച്ച് എട്ടു മണിക്കൂര്‍ കഴിഞ്ഞ ശേഷവും ഫോണിലേക്ക് കമ്പനിയില്‍ നിന്ന് സന്ദേശമെത്തി. 'തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി നല്‍കേണ്ട ഫയലുകളുണ്ട്. ഇന്നത്തെ ഇന്‍സ്പെക്ഷന്‍ നടത്താനായില്ല. എത്രയും വേഗം വീഴ്ച വരുത്താതെ ചെയ്ത് തീര്‍ക്കൂ' എന്നായിരുന്നു സന്ദേശത്തില്‍. ഈ സന്ദേശം കണ്ട് നടുങ്ങിപ്പോയെന്നും കുടുംബാംഗങ്ങള്‍ പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി.
ജോലി സമ്മര്‍ദമാണ് ഗാവോയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അടിയന്തര മീറ്റിങുകളും ക്ലയന്‍റുമായുള്ള കോണ്‍ഫറന്‍സുമെന്ന് വേണ്ട രാത്രി വൈകുവോളം ഗാവോയുടെ ജോലി നീണ്ടുപോയിരുന്നുവെന്നും സമാധാനം ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
പ്രോഗ്രാമറുടെ ജോലിക്ക് പുറമെ കസ്റ്റമര്‍ സെയില്‍സ് സര്‍വീസും ഗാവോയ്ക്ക് നോക്കേണ്ടി വരുന്നുവെന്നും രാവിലെ ജോലിക്ക് കയറിയ ഗാവോ രാത്രി 11.58ന് മാത്രമാണ് ലോഗൗട്ട് ചെയ്തതെന്നും വീട്ടുകാര്‍ പറയുന്നു. വാഹനമോടിക്കുമ്പോള്‍ പോലും മീറ്റിങുകളില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ടെന്നും ആറു പേരുടെ ജോലിയാണ് ഗാവോ തനിച്ച് ചെയ്തിരുന്നതെന്നും ഭാര്യ ആരോപിച്ചു.