പ്രതീകാത്മക ചിത്രം
പതിനഞ്ചു ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ സഹയാത്രക്കാരികളെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നവിമുംബൈയിലാണ് സംഭവം. അമ്മയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്.
ഹാര്‍ബര്‍ ലൈനില്‍ പന്‍വേലിലേക്കു പോവുകയായിരുന്ന സബര്‍ബന്‍ ട്രെയിനില്‍ വാതിലിനടുത്തിരുന്നാണ് യുവതി യാത്ര ചെയ്തത്. വലിയ ലഗേജും കുഞ്ഞും ഉള്ളതുകൊണ്ട് ട്രെയിനില്‍ നിന്നിറങ്ങാന്‍ തന്നെ സഹായിക്കണമെന്ന് യുവതി ഒപ്പമിരുന്ന രണ്ട് സഹയാത്രക്കാരികളോട് പറഞ്ഞു. തുടര്‍ന്ന് യുവതിയെ സഹായിക്കാനായി ജൂയിനഗര്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു യാത്രക്കാരികളും അടുത്ത സ്റ്റേഷനായ സീവുഡ്സ് വരെ യാത്ര നീട്ടി. സീവുഡ്സിലെത്തിയപ്പോള്‍ ഇവര്‍ രണ്ടുപേരും ആദ്യമിറങ്ങി.
പിന്നാലെ കുഞ്ഞിനെ യുവതി ഇവരുടെ കയ്യില്‍ക്കൊടുത്ത് ലഗേജ് എടുക്കാനെന്ന വ്യാജേന ട്രെയിനിനകത്തേക്ക് പോവുകയും ചെയ്തു. അല്‍പ്പനേരം കഴിഞ്ഞിട്ടും യുവതി പക്ഷേ തിരിച്ചുവന്നില്ലെന്ന് യാത്രക്കാരികള്‍ പറയുന്നു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ യുവതിക്ക് ഇറങ്ങാന്‍ പറ്റാതെ വന്നതാവുമെന്ന് കരുതി ഏറെനേരം കാത്തിരുന്നെങ്കിലും അമ്മയുടെ പൊടിപോലുമുണ്ടായിരുന്നില്ല.
പിന്നാലെ കുഞ്ഞിനെയുമായി രണ്ടു സ്ത്രീകളും വാഷി റെയില്‍വേപൊലീസിനടുത്തെത്തി കാര്യങ്ങള്‍ വിവരിച്ചു. ഭാരതിയ ന്യായ് സംഹിത സെക്ഷന്‍ 93 പ്രകാരം യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. സിസിടിവി പരിശോധിച്ചപ്പോള്‍ സീവുഡ്സ് കഴിഞ്ഞ് അഞ്ചാമത്തെ സ്റ്റേഷനായ ഖണ്ഡേശ്വറില്‍ യുവതി ഇറങ്ങിയതായി വ്യക്തമായി. യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
സമാനമായ സംഭവം നവിമുംബൈയില്‍ കഴിഞ്ഞയാഴ്ച്ചയും സംഭവിച്ചിരുന്നു. മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ടക്കാ കോളനി റോഡില്‍ ബാസ്ക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തികശേഷിയില്ലെന്നെഴുതിയ കുറിപ്പും മാതാപിതാക്കള്‍ അവിടെ ഉപേക്ഷിച്ചിരുന്നു. എന്നാലിവരെ 24മണിക്കൂറിനകം കണ്ടെത്തിയതായും റിപ്പോര്‍ട്ട് വന്നു.