Image: NDTV
300സ്വര്‍ണകോയിന്‍ വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും നടത്തിയ ഭീഷണിയെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ 27കാരി റിതന്യയാണ് ഭര്‍ത്താവിന്റേയും മാതാപിതാക്കളുടേയും പീഡനത്തെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. രണ്ടര മാസം മുന്‍പാണ് റിതന്യയുടേയും കവിന്‍കുമാറിന്റേയും വിവാഹം നടന്നത്. പതിനഞ്ചാംദിനം മുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനം തുടങ്ങിയെന്ന് മരണത്തിനു തൊട്ടുമുന്‍പ് റിതന്യ പിതാവിനയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവിനൊപ്പം പിതാവ് ഈശ്വരമൂര്‍ത്തിയും ചിത്രാദേവിയും ചേര്‍ന്ന് ശാരീരികമായും മാനസികമായും കടുത്ത വേദനയുണ്ടാക്കിയെന്നാണ് സന്ദേശത്തില്‍ നിന്നും വ്യക്തമാകുന്നത്. ജൂണ്‍ 28നാണ് റിതന്യ അവിനാശിക്കു സമീപം സേവൂരില്‍ റോഡ്‌സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് കീടനാശിനി കഴിച്ചത്. മണിക്കൂറുകളോളം കാര്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
തന്നെ കല്യാണം കഴിക്കാനുള്ള കവിന്റെ തീരുമാനം പോലും ഉയര്‍ന്ന സ്ത്രീധനത്തിനായുള്ള പദ്ധതിയായിരുന്നെന്നും യുവതി പിതാവിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ‘അമ്മയും അപ്പയും എന്റെ ലോകമാണ്, ഇങ്ങനെയൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിയില്ല, എന്നോട് ക്ഷമിക്കണം എന്നുകൂടി റിതന്യ അയച്ച സന്ദേശത്തിലുണ്ട്.
കവിന്‍കുമാറിനേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.