യു.എസ്. ഇന്ത്യക്കുമേല്‍ പ്രഖ്യാപിച്ച തിരിച്ചടിത്തീരുവ നടപ്പിലാവാന്‍ ഇനി ഏഴുനാള്‍ കൂടി. അതിന് മുന്‍പ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാവുമോ എന്നാണ് ഉറ്റുനോക്കുന്നത്. മികച്ച കരാര്‍ ഉടനെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചര്‍ച്ചകള്‍ മികച്ച രീതിയിലെന്ന് ഇന്ത്യയും പറയുമ്പോഴും ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടെന്നാണ് സൂചന. വ്യാപാര കരാര്‍ ധാരണയായില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ്. 26 ശതമാനം നികുതി ഈടാക്കും. ഇന്ത്യ അംഗീകരിച്ചാല്‍ മികച്ച കരാറിലേക്ക് എത്തുമെന്ന് ഡോണള്‍ഡ‍് ട്രംപ് അറിയിച്ചു.
ഡോണള്‍ഡ് ട്രംപ് ഇത് പറഞ്ഞിട്ട് ആഴ്ച ഒന്നായി. ഇന്ത്യ– യു.എസ്. വ്യാപാര കരാര്‍ അന്തിമമായതിന്‍റെ സൂചനകളൊന്നും കാണുന്നില്ല. മാത്രമല്ല ചില കാര്യങ്ങള്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഡയരി ഉല്‍പന്നങ്ങളടക്കം കാര്‍ഷിക മേഖലയില്‍ വലിയ നികുതിയിളവ് യു.എസ്. ആവശ്യപ്പെടുന്നതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ പ്രധാന കാരണം. കാര്‍ഷിക മേഖല തുറന്നുകൊടുത്താല്‍ ഇന്ത്യയിലെ കര്‍ഷകരെ അത് വലിയരീതിയില്‍ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. കാറുകള്‍, മദ്യം എന്നിവയ്ക്കും നികുതിയിളവ് വേണമെന്ന് യു.എസ്. ആവശ്യപ്പെടുന്നു. മറുവശത്ത് ഇന്ത്യയില്‍ നിന്നുള്ള ടെക്സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍ക്കും ലെതര്‍, പാദരക്ഷ എന്നിവയ്ക്കും യു.എസ്. എത്രത്തോളം ഇളവുനല്‍കും എന്ന കാര്യത്തിലും സംശയമാണ്. വ്യാപാര കാരാര്‍ ചര്‍ച്ചയ്ക്കായി ഇന്ത്യയില്‍നിന്നു പോയസംഘം യു.എസില്‍ തുടരുകയാണ്. വൈകാതെ ധാരണയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നിലവില്‍ വാഷിങ്ടണിലുള്ള വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞതും പ്രതീക്ഷ നല്‍കുന്നുണ്ട്. ജൂലൈ ഒന്‍പതിനകം കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ യു.എസ്. ഉല്‍പന്നങ്ങള്‍ക്ക് 26 ശതമാനം നികുതി ഇന്ത്യ നല്‍കേണ്ടിവരും.