പേവിഷ ബാധയേറ്റ് യുവാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംസ്ഥാന കബഡി ടീമിലെ അംഗം കൂടിയായ ബ്രിജേഷ് സോളങ്കി പേവിഷബാധയേറ്റ് മരിച്ചത്. കാനയില്‍ വീണ പട്ടിക്കുട്ടിയെ രക്ഷിച്ച് രണ്ടു മാസത്തിന് ശേഷമാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിന് ശേഷം യുവാവ് മരിച്ചത്. 22കാരനായ സോളങ്കി പട്ടിക്കുട്ടിയുടെ കടിയേറ്റതിന് ശേഷം പേവിഷ ബാധക്കുള്ള വാക്സിന്‍ എടുത്തിരുന്നില്ല.
ജൂണ്‍ 26ന് പരിശീലനത്തിനിടയില്‍ സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെടുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പെട്ടെന്ന് അവന്‍ വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാന്‍ ആരംഭിച്ചുവെന്നും സഹോദരന്‍ പറഞ്ഞു. ഖുര്‍ജയിലും അലിഗഢിലും ഡല്‍ഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവര്‍ ചികില്‍സ നിഷേധിച്ചു. നോയിഡയിലുള്ള ഡോക്ടര്‍മാരാണ് അവന് പേവിഷബാധയേറ്റിരിക്കാം എന്ന് പറഞ്ഞത്. ഒടുവില്‍ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവന്‍ മരിച്ചതെന്നും സഹോദരന്‍ പറഞ്ഞു.
പട്ടിക്കുട്ടിയെ കാനയില്‍ നിന്നുമെടുത്തപ്പോള്‍ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കോച്ച് പ്രവീണ്‍ കുമാര്‍ പറഞ്ഞു. 'ദിവസവും കബഡി കളിക്കുന്നതിന്‍റെ ഭാഗമായുണ്ടായ വേദനയെന്നാണ് അവന്‍ കരുതിയത്. മുറിവും ചെറുതായതിനാല്‍ കാര്യമാക്കിയില്ല. അതിനാല്‍ തന്നെ വാക്സിന്‍ എടുത്തില്ല,' കോച്ച് പറഞ്ഞു. സോളങ്കിയുടെ മരണത്തിന് പിന്നാലെ അധികൃതര്‍ ഗ്രാമത്തിലെത്തി. 29 ഗ്രാമീണരില്‍ വാക്സിനെടുത്ത അധികൃതര്‍ ബോധവല്‍ക്കരണവും നടത്തി.