ഏഴുദിവസം നീണ്ടുനില്‍ക്കുന്ന വിദേശ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും. സുപ്രധാന കരാറുകളും പ്രതീക്ഷിക്കുന്നു
കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും ദൈര്‍ഖ്യമേറിയ വിദേശ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. അഞ്ചുരാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തില്‍ ആദ്യം ഘാനയിലാണ് മോദി ഇറങ്ങുക. 30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയില്‍ എത്തുന്നത്. വാക്സിന്‍ നിര്‍മാണത്തില്‍ സഹകരണം ഉള്‍പ്പെടെ വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ഘാന പാര്‍ലമെന്‍റിനെയും മോദി അഭിസംബോധന ചെയ്യും. തുടര്‍ന്ന് നാളെയും മറ്റന്നാളും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി കമല പ്രസാദ് ബിസേസറുമായി കൂടിക്കാഴ്ച നടത്തും. നാല്, അഞ്ച് തിയതികളില്‍ അര്‍ജന്‍റീനയില്‍ എത്തുന്ന പ്രധാനമന്ത്രി പ്രസിഡന്‍റ് ജാവിയര്‍ മിലേയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, കൃഷി, എണ്ണ, പ്രകൃതിവാതകം, വ്യാപരം എന്നിവയില്‍ സഹകരണംവര്‍ധിപ്പിക്കുന്നതിനുള്ള കരാറുകള്‍ ഒപ്പുവച്ചേക്കും. 6,7,8 തിയതികളില്‍ ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്ന മോദി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ഭീകരവാദത്തിനെതിരെ യോഗത്തില്‍ സംയുക്ത പ്രസ്താവന ഉണ്ടാകും എന്നാണ് വിലിരുത്തല്‍. ഒന്‍പതിന് നമീബിയയിലും പോയശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.