ഹിമാചല്‍പ്രദേശിലെ മണ്ഡിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഒരു മരണം. കാണാതായ 12 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറു തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തോരാതെ പെയ്യുകയാണ് മഴ. മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും ആവര്‍ത്തിക്കുകയാണ്. മണ്ഡിയിലുണ്ടായ മേഘ വിസ്ഫോടനത്തില് ഒരു കുടുംബത്തിലെ 13 പേരെയാണ് കാണാതായത്. തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെത്തി.
സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് തുടരുകയാണ്. 18 ഇടങ്ങളിൽ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്നതിനാല്‍ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തേക്കുള്ള യാത്ര മാറ്റിവക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബിലാസ്പൂർ , ഷിംല എന്നിവിടങ്ങളിലായി മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തു.
130 ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 250 റോഡുകൾ തകര്‍ന്നു. ഉത്തരാഖണ്ഡിൽ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ടുണ്ട്.. നൂറോളം റോഡുകളില്‍ മണ്ണിടിഞ്ഞിരിക്കുകയാണ്... ഉത്തരകാശിയില്‍ റോഡ് നിർമ്മാണത്തിനിടെ കാണാതായ ആറ് തൊഴിലാളികൾക്കായി എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും തിരച്ചിൽ ഊര്‍ജിതമാക്കി. ഒഡീഷ, യുപി, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളും മഴക്കെടുതിയിലാണ്.