പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ പേരില്‍ 21കാരിയെ മുന്‍ കാമുകന്‍ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. ലഖ്നൗവില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. പ്രതി ആകാശ് കശ്യപിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആകാശ് കശ്യപ് യുവതിയും ചേച്ചിയും 7വയസുകാരിയായ മകളും താമസിച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതോടെ നേരത്തേയും ഇയാള്‍ ആക്രമിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്, സരോജിനി നഗർ സ്വദേശിയായ കശ്യപിനെ ഒരു വർഷം മുൻപാണ് ഒരു ഓർക്കസ്ട്ര പരിപാടിക്കിടെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. എന്നാൽ, കശ്യപിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും അറിഞ്ഞതോടെ യുവതി ഇയാളിൽ നിന്നും അകലം പാലിച്ചു.
ആകാശിന്റെ ഫോണ‍്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടും പല നമ്പറുകളില്‍ നിന്നും വിളിച്ച് യുവതിയെ നിരന്തരം ശല്യപ്പെടുത്തി. മദ്യപിച്ച് വീട്ടിലെത്തി പലപ്പോഴും അസഭ്യം പറയുന്നതും പതിവായിരുന്നെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി, നാലോ അഞ്ചോ പേർക്കൊപ്പം കശ്യപ് യുവതിയുടെ വീടിന് പുറത്തെത്തി.
വീടിനോട് ചേര്‍ന്ന സിസിടിവി തകര്‍ത്ത ശേഷമാണ് ഇയാള്‍ അതിക്രമത്തിനു മുതിര്‍ന്നത്. വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും യുവതിയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി യുവതിയുടെ ചേച്ചി പറയുന്നു. പിന്നാലെ നാടന്‍ തോക്കുപയോഗിച്ച് രണ്ടുതവണ വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട യുവതിയുടെ തോളിലും മറ്റൊന്ന് കയ്യിലും കൊണ്ടു. പിന്നാലെ യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതി കടന്നുകളയുകയായിരുന്നു.